ഓഖി ദേശീയ ദുരന്തമല്ല; പൂന്തുറയില്‍ മലക്കംമറിഞ്ഞ് കണ്ണന്താനം
ഓഖി ദേശീയ ദുരന്തമല്ല; പൂന്തുറയില്‍ മലക്കംമറിഞ്ഞ് കണ്ണന്താനം
ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം.
ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച കണ്ണന്താനം പിന്നീട് നിലപാട് തിരുത്തി. കേന്ദ്ര ഏജന്‍സികള്‍ വിലക്കിയിട്ടും ഇത്രയേറെ ബോട്ടുകള്‍ കടലില്‍ പോയതെങ്ങിനെ എന്ന വ്യക്തമാകേണ്ടതുണ്ടെന്ന് കണ്ണന്താനം പറഞ്ഞു.
ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബര്‍ മുപ്പതിനാണ് ലഭിച്ചതെന്നും മുന്നറിയിപ്പില്ലാതിരുന്നിട്ടും മികച്ച രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനം നടത്തിയതെന്നുമായിരുന്നു ഉന്നതതലയോഗത്തിന് ശേഷം മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടത്. എന്നാല്‍ പൂന്തുറ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി കേരളത്തെ ശ്ലാഘിച്ച് നേരത്തെ പറഞ്ഞ നിലപാട് തിരുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിവേദനം ലഭിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്താനാകില്ല. കേന്ദ്രം ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഉന്നതതലയോഗത്തിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം ഉറപ്പ് നല്‍കി. ഇത്രയധികം മത്സ്യത്തൊഴിലാളികളെ കടലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി, കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍, എയര്‍ഫോഴ്സ്, നേവി, കോസ്റ്റല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Adjust Story Font
16