Quantcast

ഓഖി ദുരന്തം; കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 7340 കോടിയുടെ പ്രത്യേക പാക്കേജ്

MediaOne Logo

Subin

  • Published:

    5 Jun 2018 2:18 AM GMT

ഓഖി ദുരന്തം; കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 7340 കോടിയുടെ പ്രത്യേക പാക്കേജ്
X

ഓഖി ദുരന്തം; കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 7340 കോടിയുടെ പ്രത്യേക പാക്കേജ്

പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പറഞ്ഞ പ്രധാനമന്ത്രി ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി.

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സഹായത്തിന് കേന്ദ്രത്തിനോട് കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. 7340 കോടി രൂപയുടെ പാക്കാജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്.

പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പറഞ്ഞ പ്രധാനമന്ത്രി ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി. ദുരന്തങ്ങള്‍ പ്രവചിക്കുന്നിനുളള സാങ്കേതിക വിദ്യയും സംവിധാനവും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

ദേശീയ ദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, പൊന്‍ രാധാകൃഷ്ണന്‍, സംസ്ഥാന മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപളളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പളളി, പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി തരൂണ്‍ ബജാജ്, പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് സിംഗ്‌ള, സംസ്ഥാന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ജില്ലാ കലക്ടര്‍ കെ വാസുകി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

TAGS :

Next Story