റേഡിയോ ജോക്കിയുടെ കൊലപാതകം; അക്രമി സംഘം ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
റേഡിയോ ജോക്കിയുടെ കൊലപാതകം; അക്രമി സംഘം ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
കൊലപാതകം നടന്ന ദിവസം രാത്രി മടവൂര്‍ സഹകരണ സൊസൈറ്റിക്ക് മുന്നിലൂടെ കാര്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്
തിരുവനന്തപുരം മടവൂരില്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിനായി അക്രമി സംഘം ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകം നടന്ന ദിവസം രാത്രി മടവൂര്‍ സഹകരണ സൊസൈറ്റിക്ക് മുന്നിലൂടെ കാര്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്.
വാടകക്കെടുത്ത കാറിലെത്തിയ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്ന് രാജേഷിനൊടൊപ്പമുണ്ടായിരുന്ന കുട്ടന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം നടന്നതിന് സമീപത്തുള്ള കടകളിലേയും മറ്റും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് മടവൂര്‍ സഹകരണ സൊസൈറ്റിക്ക് മുന്നിലൂടെ ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച ചുവന്ന കാര്‍ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
അന്ന് രാത്രി 7 മണിക്കും എട്ട് മണിക്ക് ഇടയിലുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. കൊലപാതകത്തിന് ശേഷം കൊല്ലത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് കാര്‍ പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷിന്റെ ഫോണ്‍ വിളികളോരോന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പരിചയപ്പെട്ട സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഈ ബന്ധമാണോ കൊലപാതകത്തിന് കാരണമായതെന്ന സംശയം പൊലീസിനുണ്ട്. ഫോണ്‍ വിളികളുടെ ശാസ്ത്രീയ പരിശോധന കഴിഞ്ഞാല്‍ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച കൃത്യമായ കാരണം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
Adjust Story Font
16