കണ്ണൂര്‍, കരുണ ബില്‍: കോണ്‍ഗ്രസില്‍ കലഹം തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടിയുടെ കത്ത് പുറത്ത്
കണ്ണൂര്‍, കരുണ ബില്‍: കോണ്‍ഗ്രസില്‍ കലഹം തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടിയുടെ കത്ത് പുറത്ത്
ഉമ്മന്‍ചാണ്ടി പക്ഷക്കാരനായ ബെന്നി ബെഹന്നാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ രംഗത്തുവന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ കത്ത് പുറത്തുവന്നത്
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ബില്ലിന് പിന്തുണ നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടിയുടെ കത്ത് പുറത്ത്. വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കഴിഞ്ഞ വര്‍ഷം അയച്ച കത്താണ് പുറത്തുവന്നത്. രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായ ധനസുമോദാണ് ഫേസ് ബുക്കിലൂടെ കത്ത് പുറത്തുവിട്ടത്.
ഉമ്മന്‍ചാണ്ടി പക്ഷക്കാരനായ ബെന്നി ബെഹന്നാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ പരസ്യമായി രംഗത്തുവന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ കത്ത് പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്. ബില്ലിനെ പിന്തുണച്ചതിന്‍റെ ഉത്തരവാദിത്വം ചെന്നിത്തലയില്‍ ചുമത്തി എ ഗ്രൂപ്പും സുധീര പക്ഷവുമെല്ലാം മുതലെടുപ്പ് നടത്താതിരിക്കാനാണ് വിഷയത്തിലെ ഉമ്മന്‍ചാണ്ടിയുടെ കത്ത് ചെന്നിത്തല പക്ഷം പുറത്തുവിട്ടതെന്ന് വിലയിരുത്തപ്പെടുന്നു. ബില്ലിനെ പിന്തുണച്ചതില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ടെന്നാണ് കത്ത് പുറത്തുവിട്ടതിലൂടെ ചെന്നിത്തല പക്ഷം പരോക്ഷമായി സ്ഥാപിക്കുന്നത്.
വി എം സുധീരന്‍, വി ടി ബല്‍റാം, ബെന്നി ബെഹന്നാന്‍, ഡീന്‍ കുര്യാക്കോസ് എന്നീ നേതാക്കളാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ പ്രവേശനം സാധുവാക്കിയ ബില്ലിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബില്ലിനെ പിന്തുണച്ചത് സ്വയം വഞ്ചിക്കുന്നതിന് തുല്യമായ നടപടിയാണെന്ന് വി എം സുധീരന്‍ വിമര്‍ശിച്ചു. സുധീരന്‍റെ നിലപാടിനൊപ്പം നിന്ന എ വിഭാഗം നേതാവ് ബെന്നി ബെഹന്നാന്‍ പറഞ്ഞത് പ്രതിപക്ഷ നടപടി സംശയത്തോടെ കാണേണ്ടിവരുമെന്നാണ്. വി ടി ബല്‍റാമാകട്ടെ ഇന്നലെ നിയമസഭയില്‍ തന്നെ വിയോജിപ്പ് അറിയിച്ചു. എംഎല്‍എമാര്‍ അടക്കമുള്ള കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബില്ലിനെ പിന്തുണച്ചതില്‍ വിയോജിപ്പുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ടെന്ന് സ്ഥാപിക്കാനും കൂടുതല്‍ ഭിന്നശബ്ദങ്ങള്‍ ഉയരാതിരിക്കാനും ഉമ്മന്‍ചാണ്ടിയുടെ കത്ത് ചെന്നിത്തല വിഭാഗം പുറത്തുവിട്ടത്.
Adjust Story Font
16