Quantcast

ദേശീയ മീറ്റിലടക്കം പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയ ഷൂട്ടിങ് താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കില്ല

MediaOne Logo

Jaisy

  • Published:

    5 Jun 2018 8:38 AM GMT

ദേശീയ മീറ്റിലടക്കം പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയ ഷൂട്ടിങ് താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കില്ല
X

ദേശീയ മീറ്റിലടക്കം പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയ ഷൂട്ടിങ് താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കില്ല

സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന് സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകാരമില്ലെന്ന കാരണത്താലാണ് കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിച്ചത്

കേരളത്തിനായി ദേശീയ മീറ്റിലടക്കം പങ്കെടുത്ത് മെഡലുകള്‍ വാങ്ങിയ ഷൂട്ടിങ് താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കില്ല. സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന് സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകാരമില്ലെന്ന കാരണത്താലാണ് കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിച്ചത്. അംഗീകാരം റദ്ദാക്കാന്‍ കാരണം റൈഫിള്‍ അസോസിയേഷനിലെ ക്രമക്കേടുകളും കുത്തഴിഞ്ഞ ഭരണസംവിധാനവും.

ഒറ്റപ്പെട്ടതല്ല ഈ കുട്ടികളുടെ പരിദേവനം. വര്‍ഷങ്ങളായി ഷൂട്ടിങ് പരിശീലനം നടത്തുകയും ദേശീയ മീറ്റിലടക്കം പങ്കെടുക്കുകയും ചെയ്ത നൂറിലധികം കുട്ടികള്‍ക്കാണ് ഇക്കൊല്ലം അര്‍ഹമായ ഗ്രേസ് മാര്‍ക്ക് നഷ്ടമാവുന്നത്. ദേശീയ മീറ്റില്‍ പങ്കെടുത്തവര്‍ക്ക് ആകെ മാര്‍ക്കിന്റെ 10 ശതമാനവും സ്റ്റേറ്റില്‍ പങ്കെടുത്തവര്‍ക്ക് 5 ശതമാനവും കിട്ടാന്‍ അര്‍ഹതയുണ്ട്. പക്ഷെ, ഈ വര്‍ഷം പത്താം ക്ലാസ് ഫലം വന്നപ്പോള്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കില്ല. പ്ലസ് ടു ഫലം വരുമ്പോഴും നാളെ യൂണിവേഴ്സിറ്റി, പി എസ് സി പരീക്ഷകള്‍ക്കും ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടില്ല. കാരണം ഒന്നുമാത്രം. കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ ക്രമക്കേട്.

സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി കായിക നിയമത്തിന് വിരുദ്ധമായി ബൈലോ തിരുത്തി വ്യാജ രജിസ്ട്രേഷന്‍ നടത്തിയത് പുറത്തായതോടെ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകാരം റദ്ദാക്കാന്‍ നിര്‍ബന്ധിതരായി. സ്പോര്‍ട്സ് കൌണ്‍സിലിന്റെ അംഗീകൃത അസോസിയേഷന്റെ പട്ടികയിലില്ലാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പും കൈകഴുകി. നഷ്ടമായത് ഷൂട്ടിങ് താരങ്ങള്‍ക്ക് മാത്രം. രണ്ട് വര്‍ഷം മുന്പ് തന്നെ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടും തിരുത്തിക്കാന്‍ മുന്‍കയ്യെടുക്കാതെ ഫണ്ട് അനുവദിച്ചുകൊണ്ടിരുന്ന സ്പോര്‍ട്സ് കൌണ്‍സിലിനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ് ദ്രോണാചാര്യ അവാര്‍ഡ് നേടിയ ദേശീയ കോച്ച് അടക്കമുള്ള റൈഫിള്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍.

TAGS :

Next Story