Quantcast

സമവായമായില്ല; ബിജെപി സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം തീരുമാനിക്കും

MediaOne Logo

Jaisy

  • Published:

    13 Jun 2018 6:14 AM GMT

സമവായമായില്ല; ബിജെപി സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം തീരുമാനിക്കും
X

സമവായമായില്ല; ബിജെപി സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം തീരുമാനിക്കും

സമവായ ചര്‍ച്ചക്കെത്തിയ കേന്ദ്ര നേതാക്കള്‍ക്ക് മുന്നിലും രണ്ട് തട്ടില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ നിലപാട് കടുപ്പിച്ചു

സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമായി. മുരളീധരന്‍, കൃഷ്ണദാസ് വിഭാഗങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ അദ്ധ്യക്ഷനെ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സമവായമായില്ല. സംസ്ഥാനത്ത് നിന്നുള്ള അഭിപ്രായം ദില്ലിയില്‍ അറിയിച്ച് ഒരാഴ്ചയ്ക്കം കേന്ദ്രത്തില്‍ നിന്നാകും പ്രഖ്യാപനം ഉണ്ടാവുക.

സമവായ ചര്‍ച്ചക്കെത്തിയ കേന്ദ്ര നേതാക്കള്‍ക്ക് മുന്നിലും രണ്ട് തട്ടില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ നിലപാട് കടുപ്പിച്ചു. വി മുരളീധരന്‍ മുന്നോട്ട് വയ്ക്കുന്ന കെ സുരേന്ദ്രനെ അംഗീകരിക്കാനാകില്ലെന്ന് കൃഷ്ണദാസ് വിഭാഗം വ്യക്തമാക്കി. സുരേന്ദ്രന് പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാകില്ലെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ നിലപാട്.

സീനിയോറിറ്റി പരിഗണിച്ച് എഎന്‍ രാധാകൃഷ്ണനെയോ എംടി രമേശിനെയോ പരിഗണിക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുവത്വത്തിന് പ്രാമുഖ്യം നല്‍കണമെന്നാണ് മുരളീധരന്‍ വിഭാഗത്തിന്റെ ആവശ്യം. അഭിപ്രായ ഏകീകരണം ഇല്ലാതായതോടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നെത്തിയ എച്ച് രാജ, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവര്‍ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഓരോരുത്തരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

സംസ്ഥാന നേതാക്കള്‍ക്കിടയില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് മേല്‍ക്കയ്യെങ്കിലും കേന്ദ്രതലത്തില്‍ മുരളീധരന്‍ വിഭാഗത്തിനാണ് സ്വാധീനം. എന്നാല്‍ സുരേന്ദ്രന്‍ അധ്യക്ഷനാകുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. ജില്ലാ അധ്യക്ഷന്‍മാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിങ്ങനെ 55 അധികം പ്രവര്‍ത്തകരുമായാണ് കേന്ദ്ര നേതാക്കള്‍ രാവിലെ മുതല്‍ കൂടിക്കാഴ്ച നടത്തിയത്.

TAGS :

Next Story