Quantcast

റേഷന്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തില്‍; അന്നത്തിന് വകയില്ലാതെ ഭിക്ഷ തേടി വൃദ്ധ

MediaOne Logo

Jaisy

  • Published:

    14 Jun 2018 5:25 AM GMT

മുക്കാല്‍ സെന്റിലെ ഓലക്കുടിലില്‍ ഒറ്റക്ക് താമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ കല്യാണിക്ക് സര്‍ക്കാര്‍ നല്‍കിയത് ദാരിദ്ര്യ രേഖക്ക് മുകളിലെന്ന വിലാസമാണ്

റേഷന്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തിലായതിനാല്‍ അന്നത്തിന് ഭിക്ഷ തേടുകയാണ് തൃശൂര്‍ കൊടകര പെങ്ങാനല്ലൂര്‍ സ്വദേശിയായ കല്യാണി. മുക്കാല്‍ സെന്റിലെ ഓലക്കുടിലില്‍ ഒറ്റക്ക് താമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ കല്യാണിക്ക് സര്‍ക്കാര്‍ നല്‍കിയത് ദാരിദ്ര്യ രേഖക്ക് മുകളിലെന്ന വിലാസമാണ്.

ഔദാര്യങ്ങളോട് പൊതുവെ താല്‍പര്യമില്ല കല്യാണിക്ക്. സര്‍ക്കാര്‍ സൌജന്യമായി വൈദ്യുതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു കല്യാണി. സമീപകാലം വരെ തൊഴിലെടുത്താണ് ജീവിച്ചത്. പാരമ്പര്യ തൊഴിലായ മണ്‍കുടം നിര്‍മാണം. 13 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചപ്പോള്‍ ജീവിതത്തില്‍ ഒറ്റക്കായെങ്കിലും ജോലി കല്യാണി തുടര്‍ന്നു. പക്ഷെ കാല്‍ മുട്ട് വേദന കല്യാണിയെ ജോലിയെടുക്കുന്നതില്‍ നിന്നും വിലക്കി. വരുമാനം മുട്ടിയപ്പോഴാണ് കല്യാണി റേഷന്‍ കാര്‍ഡിലൂടെ സര്‍ക്കാര്‍ കാണിച്ച ക്രൂരതയെക്കുറിച്ച് ചിന്തിച്ചത് പോലും.

കാര്‍ഡ് ബി പി എല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ കല്യാണി ചാലക്കുടി സപ്ലൈ ആപ്പീസില്‍ അപേക്ഷ നല്‍കിയിട്ട് മാസങ്ങളായി, ഇതില്‍ തീരുമാനമില്ലാത്തതിനാല്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ക്കുള്ള രണ്ട് കിലോ അരി മാത്രമാണ് കല്യാണിക്കും കിട്ടുന്നത്.

TAGS :

Next Story