Quantcast

നാശം വിതച്ച് കാലവര്‍ഷം; മരണം 14 ആയി

MediaOne Logo

Subin

  • Published:

    17 Jun 2018 8:09 PM GMT

നാശം  വിതച്ച് കാലവര്‍ഷം; മരണം 14 ആയി
X

നാശം വിതച്ച് കാലവര്‍ഷം; മരണം 14 ആയി

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14 ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു...

സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം, ഇടുക്കി സ്വദേശികള്‍ മരിച്ചു. വയനാട് കുളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

എല്ലാ ജില്ലകളിലും നാശം വിതച്ചാണ് കാലവര്‍ഷം പെയ്യുന്നത്. കാറ്റിലും മഴയിലും ഇന്ന് ആറ് പേര്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചീരാലില്‍ കുളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഷാഹില്‍, സന ഫാത്തിമ എന്നിവരാണ് മുങ്ങിമരിച്ചത്. ആലപ്പുഴയില്‍ കുളിക്കുന്നതിനിടെ കായലില്‍ വീണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി തോട്ടുങ്ങല്‍ വിനു മരിച്ചു. ആലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ പാണ്ടനാട് സ്വദേശി സുരേഷും മരിച്ചു.

250ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് റവന്യൂ വകുപ്പിന്‍റെ കണക്ക്. 1000ത്തോളം വീടുകള്‍ ഭാഗികമായും നശിച്ചു. കൃഷിനാശവും വളരെ വലുതാണ്. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്തംഭിച്ചു. ഇടുക്കി രാജക്കാട് വ്യൂപോയിന്റിന് സമീപം ഉരുള്‍പൊട്ടി ഒന്നര ഏക്കര്‍ കൃഷിയിടം ഒലിച്ചുപോയി. മലയോര മേഖലകളില്‍ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അങ്കമാലി അയ്യമ്പുഴ എസ്റ്റേറ്റില്‍ മരം വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാനന്തവാടി വാളാട് പുതുശേരി പൊള്ളമ്പാറ പാലത്തിന്‍റെ അപ്രോച്ച് റോഡ് പൂർണമായും തകർന്നു. കോഴിക്കോടിന്‍റെ മലയോര മേഖലകളില്‍ ഇന്നലെ രാവിലെ പോയ വൈദ്യുതി പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

മിക്ക ജില്ലകളിലും മഴ തുടരുകയാണ്. കേരളത്തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കിമീ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറിൽ 60 കിമീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ഇതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGS :

Next Story