Quantcast

കനത്ത മഴ; കോഴിക്കോട്,പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

MediaOne Logo

Jaisy

  • Published:

    17 Jun 2018 6:19 PM GMT

കനത്ത മഴ; കോഴിക്കോട്,പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍
X

കനത്ത മഴ; കോഴിക്കോട്,പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശം. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടി. തിരുവല്ലയില്‍ ഒരാള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. രണ്ടിടത്തായി രണ്ടുപേരെ കാണാതായി. റോഡ് തകര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കര്‍ണാടക ബ്രഹ്മഗിരി മലയിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ തലശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ചുരം പാതയിൽ വലിയ മരങ്ങള്‍ കടപുഴകി വീണതോടെ വാഹനങ്ങൾ റോഡില്‍ കുടുങ്ങി. പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കല്ലടിക്കോട് പാലക്കയത്ത് രണ്ട് തവണ ഉരുള്‍പൊട്ടി. ഭവാനിപ്പുഴ നിറഞ്ഞൊഴുകിയതിനെതുടര്‍ന്ന് അട്ടപ്പാടി പട്ടിമാളം കോണാര്‍തുരുത്തില്‍ അകപ്പെട്ട മണ്ണാര്‍ക്കാട് സ്വദേശി സുഗുണന്‍‍ ഭാര്യ വത്സല എന്നിവരെ ഇന്ന് രാവിലെ കരയിലേക്കെത്തിച്ചു.

കോതമംഗലം - ഭൂതത്താൻകെട് ഇടമലയാർ റോഡിൽ കലുങ്ക് ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു . രണ്ട് ആദിവാസി കുടി കളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. പത്തനംതിട്ട റാന്നിയിലും പരിസരത്തും രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായി. 5 ദുരിതാശ്വാസ കാമ്പുകളിലായി 154 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മരം കടപുഴകി വീണ് പലയിടത്തും വീടുകള്‍ തകര്‍ന്നു. വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. ശക്തമായ കാറ്റിനും മഴക്കും ശമനമുണ്ടായിട്ടില്ല. തിരുവല്ല നിരണത്ത് മീൻ പിടിക്കാൻ പാടത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലതാഴ്ചയിൽ ഷെരീഫ് (24) ആണ് മരിച്ചത്. പാലക്കാട് എടത്തറയില്‍ കാണാതായയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. താനൂരിൽ കടലില്‍ പോയ ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായി.

TAGS :

Next Story