Quantcast

കനത്ത മഴയില്‍ വയനാട് ഒറ്റപ്പെട്ടു

MediaOne Logo

Sithara

  • Published:

    17 Jun 2018 4:19 PM GMT

മണ്ണിടിഞ്ഞ് താമരശ്ശേരി ചുരം വഴി ഗതാഗതം തടസ്സപ്പെട്ടു. കുറ്റ്യാടി ചുരം റോഡിലും മണ്ണിടിഞ്ഞതോടെ വയനാട് ഒറ്റപ്പെട്ടു.

കനത്ത മഴയില്‍ വയനാട് ഒറ്റപ്പെട്ട നിലയിലായി. പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. താരശ്ശേരി ചുരം വഴി ഗതാഗതം മുടങ്ങി. മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടി. കാസര്‍കോടും കനത്ത മഴ തുടരുകയാണ്.

വയനാട് ജില്ലയില്‍ ഉച്ച വരെ കനത്ത മഴയുണ്ടായി. മണ്ണിടിഞ്ഞ് താമരശ്ശേരി ചുരം വഴി ഗതാഗതം തടസ്സപ്പെട്ടു. കുറ്റ്യാടി ചുരം റോഡിലും മണ്ണിടിഞ്ഞതോടെ വയനാട് ഒറ്റപ്പെട്ടു. 16 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മാനന്തവാടി, കല്‍പറ്റ, പുല്‍പ്പള്ളി, പനമരം ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. വീട് തകര്‍ന്ന നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാപക കൃഷിനാശവുമുണ്ടായി. വെള്ളം കയറിയ പാളക്കൊല്ലി കോളനിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോവാന്‍ തയ്യാറാവാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചു.

പാലക്കാട് ജില്ലയില്‍ മംഗലം ഡാം, കടപ്പാറ മേഖലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. വന്‍ കൃഷി നാശമുണ്ടായെങ്കിലും ആളപായമില്ല. ഡാമുകള്‍ നിറഞ്ഞതോടെ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പറളിയില്‍ ഒഴുക്കില്‍പെട്ടയാളെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. കാസര്‍കോട്ടെ മലയോര നേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലും ശക്തമായ മഴയാണ്.

മലപ്പുറം നിലമ്പൂരില്‍ പുഴയില്‍ കാണാതായ രണ്ട് പേര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരില്‍ ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടി. നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പല പ്രദേശങ്ങളും വെള്ളത്തിലായി. കൊണ്ടോട്ടിയില്‍ വെള്ളപ്പൊക്കമുണ്ടായി.

TAGS :

Next Story