Quantcast

സംസ്ഥാനത്ത് കനത്ത മഴ, നാല് മരണം

MediaOne Logo

Subin

  • Published:

    18 Jun 2018 6:16 AM GMT

സംസ്ഥാനത്ത് കനത്ത മഴ, നാല് മരണം
X

സംസ്ഥാനത്ത് കനത്ത മഴ, നാല് മരണം

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

സംസ്ഥാനത്ത് കനത്ത കാറ്റിലും മഴയിലും നാല് മരണം. കോഴിക്കോടും തിരുവനന്തപുരത്തും ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ വീതം മരിച്ചു. കാസര്‍കോടും ആലപ്പുഴ എടത്വയിലും ഒഴുക്കില്‍പെട്ട ആളുകളുടെ മൃതദേഹം കണ്ടെത്തി. നിരവധി വീടുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കോഴിക്കോട് ചാലിയത്ത് കാറ്റില്‍ തെങ്ങ് വീണ് ഒരു സ്ത്രീ മരിച്ചു. വട്ടപ്പറമ്പ് കപ്പലങ്ങാടി സ്വദേശി ഖദീജ ആണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരം വീണ് പെരിങ്കട സ്വദേശി ദീപ മരിച്ചു. കാസര്‍കോട് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയയാളുടെ മൃതദേഹം കണ്ടെത്തി. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്കിന്റെ മൃതദേഹമാണ് കുണ്ടാര്‍ ക്ഷേത്രത്തിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്. ആലപ്പുഴ എടത്വയില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ തലവടി ആഞ്ഞിലമൂട്ടില്‍ വിജയകുമാര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.

തീരമേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു. വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആലപ്പുഴയില്‍ ഒന്നാംകുറ്റി മുതല്‍ കഴിക്കോട്ടുവരെയുള്ള പ്രദേശങ്ങളിലും കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റിത്തെരുവ്, പുള്ളികണക്ക് മേഖലയിലുമാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്. വൈദ്യുതിയും മുടങ്ങി. ഇടുക്കി ജില്ലയില്‍ ആനച്ചാലിന് സമീപം ഉരുള്‍പൊട്ടി. ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തില്‍ മാറ്റിപാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

മരം വീണതിനേത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കടലുണ്ടിയില്‍ നാല് മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ ആലക്കോട് മേഖലയില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം. കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത.

TAGS :

Next Story