Quantcast

പൊലീസുകാരെ പിന്‍വലിക്കാതിരിക്കാന്‍ സമ്മര്‍ദം ശക്തമാക്കി ഐ.പി.എസുകാര്‍

മലപ്പുറം എസ്.പിയുടെ വീട്ടില്‍ ദാസ്യപ്പണി തുടരുന്നെന്ന പരാതിയുമായി ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്‍ ഇന്നും രംഗത്തെത്തി.

MediaOne Logo

Web Desk

  • Published:

    21 Jun 2018 10:19 AM GMT

പൊലീസുകാരെ പിന്‍വലിക്കാതിരിക്കാന്‍ സമ്മര്‍ദം ശക്തമാക്കി ഐ.പി.എസുകാര്‍
X

ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പൊലീസുകാരെ പിന്‍വലിക്കാതിരിക്കാന്‍ സമ്മര്‍ദം ശക്തമാക്കി ഐ.പി.എസുകാര്‍. ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ പൊലീസിനെ അടച്ചാക്ഷേപിക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുവെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. മലപ്പുറം എസ്.പിയുടെ വീട്ടില്‍ ദാസ്യപ്പണി തുടരുന്നെന്ന പരാതിയുമായി ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്‍ ഇന്നും രംഗത്തെത്തി.

പൊലീസിന്റെ കണക്ക് പ്രകാരം വളരെ കുറച്ച് ഉദ്യോഗസ്ഥരാണ് അനുവദിച്ചതില്‍ കൂടുതല്‍ പൊലീസുകാരെ പേഴ്സനല്‍ സ്റ്റാഫായി കൂടെ നിര്‍ത്തിയിരിക്കുന്നത്. അതിന്റെ ഇരട്ടിയിലേറേപ്പേര്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പമുണ്ട്. ഈ കണക്ക് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കുകയും ഐ.പി.എസ് അസോസിയേഷന്‍ അതൃപ്തി അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഡി.ജി.പിയും രംഗത്തെത്തിയത്. ചിലർ ചെയ്ത തെറ്റിന്റെ പേരിൽ തെറ്റായ കണക്കുകളും ആരോപണങ്ങളുമാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതായും ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതായും ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.

പേഴ്സനൽ സ്റ്റാഫ് നിയമനത്തിലെ ഉത്തരവുകൾ എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നതായി ഉറപ്പ് വരുത്തുമെന്നും ഡി.ജി.പി വാർത്താകുറിപ്പിൽ അറിയിച്ചു. 24 മണിക്കൂറും ജാഗ്രത പാലിക്കേണ്ട ജോലിയിൽ ഓഫീസിലും ക്യാമ്പ് ഹൗസിലും പേഴ്സനൽ സ്റ്റാഫ് ഇല്ലെങ്കിൽ ഡ്യൂട്ടിയാകെ തകിടം മറിയുമെന്ന് ഐ.പി.എസ് അസോസിേയഷനും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിനോട് അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരെയാകെ നിരുൽസാഹപ്പെടുത്തുന്ന നടപടിയുണ്ടാകില്ലെന്നും ഉറപ്പു നല്‍കി. ഇതോടെ പേഴ്സനല്‍ സ്റ്റാഫിനെ ഉടന്‍ മടക്കി അയക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ് തല്‍കാലം നടപ്പായേക്കില്ല.

അതേസമയം മലപ്പുറം എസ്.പി രണ്ട് ക്യാംപ് ഫോളോവേഴ്സിനെ ഇന്നും വീട്ടുപണിക്ക് നിര്‍ത്തിയതായി ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. എ.ആര്‍ ക്യാംപില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി പണിയെടുപ്പിച്ചെന്നാണ് പരാതി.

TAGS :

Next Story