പൊലീസുകാരനെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകള്‍ക്ക് കുരുക്ക് മുറുകുന്നു
സംഭവം നടന്ന ദിവസം വാഹനം ഓടിച്ചിരുന്നത് ഗവാസ്കര്‍ തന്നെയാണെന്ന് ഡ്രൈവര്‍ ജെയ്സണ്‍ പൊലീസിന് മൊഴി നല്‍കി.
പൊലീസുകാരനെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്ക് കുരുക്ക് മുറുകുന്നു. സംഭവം നടന്ന ദിവസം വാഹനം ഓടിച്ചിരുന്നത് ഗവാസ്കര്‍ തന്നെയാണെന്ന് ഡ്രൈവര്‍ ജെയ്സണ്‍ പൊലീസിന് മൊഴി നല്‍കി. ഇതോടെ കേസ് അട്ടിമറിക്കാന്‍ എഡിജിപി നടത്തിയ ശ്രമം പൊളിഞ്ഞു. ഔദ്യോഗിക വാഹനം ഗവാസ്കറുടെ കാലില്‍ കയറ്റി ഇറക്കിയെന്ന എഡിജിപിയുടെ മകളുടെ പരാതി പൊള്ളയാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
ഗവാസ്കറിനെ ആക്രമിച്ച ദിവസം എഡിജിപിയുടെ വാഹനം ഓടിച്ചിരുന്നത് ജെയ്സണ്‍ എന്ന പൊലീസ് ഡ്രൈവര്‍ ആണെന്നായിരുന്നു ഔദ്യോഗിക വാഹനത്തിലെ ഡ്യൂട്ടിരേഖയില്‍ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച് കേസ് അട്ടിമറിക്കാനായിരുന്നു സുധേഷ് കുമാറിന്റെ നീക്കം. എന്നാല്‍ വാഹനം താന്‍ ഓടിച്ചത് രാവിലെ ഒന്‍പതരയ്ക്ക് ശേഷമാണെന്നും വാഹനം എടുത്തത് ആശുപത്രിയില്‍ നിന്നാണെന്നും ജെയ്സണ്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. രാവിലെ വാഹനം ഓടിച്ചിരുന്നത് ഗവാസ്കറാണെന്നും ജെയ്സന്റെ മൊഴിയിലുണ്ട്.
ഇതോടെ എഡിജിപി സുധേഷ് കുമാറിന്റെ നീക്കം പാളി. ഇതിനിടെ വാഹനം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. എഡിജിപിയുടെ മകളുടെ കാലില്‍ ഗവാസ്കര്‍ വാഹനം കയറ്റി ഇറക്കിയെന്ന ആരോപണം പൊള്ളയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന കനക്കുന്നില്‍ ക്രൈംബ്രാഞ്ച് ഗവാസ്കറെ എത്തിച്ച തെളിവെടുപ്പ് നടത്തി. അന്വേഷണ പുരോഗതി അതാത് ദിവസം അറിയിക്കണമെന്നാണ് ഡിജിപി ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
Adjust Story Font
16