ലഹരിക്ക് പിറകെ പോയ ഒരു നാടിന് ഇപ്പോള്‍ ലഹരി ഫുട്ബോള്‍
നാരങ്ങക്കണ്ടി പണിയ കോളനിയിലെ യുവാക്കളും കുട്ടികളുമാണ് ഇന്ന് റിയാസിന്റെ ശ്രമഫലമായി ലഹരി ഉപേക്ഷിച്ച് ഫുട്ബോളിന്റെ പിന്നാലെ ഓടുന്നത്
ഫുട്ബോളിലൂടെ ഒരു പ്രദേശത്തെ ലഹരി വിമുക്തമാക്കുകയാണ് വയനാട് തുര്‍ക്കി നാരങ്ങക്കണ്ടി സ്വദേശി റിയാസ്. നാരങ്ങക്കണ്ടി പണിയ കോളനിയിലെ യുവാക്കളും കുട്ടികളുമാണ് ഇന്ന് റിയാസിന്റെ ശ്രമഫലമായി ലഹരി ഉപേക്ഷിച്ച് ഫുട്ബോളിന്റെ പിന്നാലെ ഓടുന്നത്.
വയനാട് തുര്‍ക്കി നാരങ്ങക്കണ്ടി പണിയ കോളനിയില്‍ 20 ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. കോളനിയിലെ യുവാക്കളിലും കുട്ടികളിലും പലരും ലഹരിക്കടിമകളായിരുന്നു. എന്നാല്‍ ഇന്ന് കാല്‍പന്ത് പ്രേമിയിയായ റിയാസ് ഇവര്‍ക്കിടയിലേക്ക് വന്നതോടെ ഇവരുടെ ജീവിതം പാടെ മാറി. ഇന്ന് ഇവര്‍ക്ക് ഫുട്ബോള്‍ മാത്രമാണ് ജീവിതത്തിലെ ഏക ലഹരി. കോളനിയിലെ കുട്ടികള്‍ക്ക് ഫുട്ബോളിലുള്ള താല്‍പര്യം തിരിച്ചറിഞ്ഞാണ് റിയാസ് ഫുട്ബേളിനെ തന്നെ ലഹരി വിമുക്തിക്കായുള്ള മാര്‍ഗമായി തെരഞ്ഞെടുത്തത്.
കുട്ടികളിലെ ഫുട്ബോള്‍ താല്‍പര്യം തിരിച്ചറിഞ്ഞ റിയാസ് ആദ്യപടിയായി സ്വന്തം ചെലവില്‍ കോളനിയോട് ചേര്‍ന്നുള്ള പുഴയോരത്ത് ഒരു മൈതാനം നിര്‍മിച്ച് നല്‍കുകയായിരുന്നു. മൈതാനത്ത് പന്തുരുളാന്‍ തുടങ്ങിയതോടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആവേശമായി. പതിയെ ഫുട്ബോള്‍ ഇവര്‍ക്ക് ലഹരിയായി മാറി. എല്ലാവരും മുടങ്ങാതെ കളിക്കളത്തിലെത്തി തുടങ്ങി. ഫുട്ബോള്‍ ലഹരി തലക്ക് പിടിച്ചതോടെ മറ്റ് ലഹരികള്‍ ഇവര്‍ ഉപേക്ഷിച്ചു.
ഇന്ന് ഇവരില്‍ പലരും സ്കൂള്‍ ടീമില്‍ അംഗങ്ങളാണ്. കൂടാതെ റിയാസിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റുകളിലും പങ്കെടുക്കുന്നു. കോളനിയിലെ കുട്ടികള്‍ക്ക് ബൂട്ട് വാങ്ങി നല്‍കുക എന്നതാണ് റിയാസിന്റെ അടുത്ത ലക്ഷ്യം. ഇതോടൊപ്പം ഇവര്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഒരുക്കാനുള്ള തിരക്കിട്ട ശ്രമവുമായി മുന്നോട്ട് പോവുകയാണ് കാല്‍പന്ത് പ്രേമിയായ റിയാസ്.
Adjust Story Font
16