ജസ്‌നയുടെ തിരോധാനം: വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
കേസില്‍ ഇതുവരെ 250ഓളം പേരെ ചോദ്യം ചെയ്‌തെന്നും 130 ലേറെ പേരുടെ മൊഴി രേഖപ്പെടുത്തുകയും ഒരു ലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌നയെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കണമെന്ന് സഹോദരന്റെ ഹരജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹേബിയസ് കോര്‍പസ് ഹരജിയുടെ ആവശ്യമെന്തെന്നും കോടതി. ഹരജിയില്‍ നാളെ വിധി പറയും.
ജസ്‌നയുടെ തിരോധാനത്തെ കുറിച്ച് അന്വോഷണം നടത്തിയെങ്കിലും വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് തിരുവല്ല ഡിവൈഎസ്പി ഹൈക്കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ജസ്‌നയെ പലയിടത്തും കണ്ടുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി. കേസില്‍ ഇതുവരെ 250 പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴി രേഖപെടുത്തി. ഒരു ലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിച്ചു. വിവിധ ഇടങ്ങളില്‍ നിന്നുള്ള സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ജസ്‌നയുടെ പിതാവിന്റെ നിര്‍മാണ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കെട്ടിടങ്ങളിലും പരിശോധന നടത്തി. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ ചോദ്യം ചെയ്തു. ജസ്‌നയെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ജസ്‌നയുടെ സഹോദരന് ജെയ്‌സ് സമര്‍പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് പൊലീസ് വിശദീകരണം.
എന്നാല്‍ ഈ കേസില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. കുട്ടിയെ കാണാതായതിനെ അന്യായമായി തടങ്കലില്‍ വച്ചു എന്നു പറയാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കണം. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുക അല്ലേ വേണ്ടത് എന്ന് കോടതി ചോദിച്ചു.
Adjust Story Font
16