കുന്നത്തുകളത്തില്‍ നിക്ഷേപക തട്ടിപ്പ്; പ്രതിഷേധം ശക്തം

കുന്നത്തുകളത്തില്‍ നിക്ഷേപക തട്ടിപ്പ്; പ്രതിഷേധം ശക്തം

സര്‍ക്കാരിന് നിക്ഷേപത്തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും സ്ഥാപന ഉടമകളുടെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിച്ച് നിക്ഷേപകര്‍ക്ക് ഉടന്‍ പണം തിരികെ ലഭ്യമാക്കണം...

MediaOne Logo

Web Desk

  • Published:

    25 Jun 2018 1:01 PM

കുന്നത്തുകളത്തില്‍ നിക്ഷേപക തട്ടിപ്പ്; പ്രതിഷേധം ശക്തം
X

കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ പ്രതിഷേധം ശക്തമാക്കുന്നു. പാപ്പര്‍ ഹരജി സമര്‍പ്പിച്ച സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറാനാണ് പൊലീസ് തീരുമാനം.

കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ ആസ്തിയും ബാധ്യതകളും കണക്കാക്കി പാപ്പര്‍ ഹരജിയില്‍ തീരുമാനമെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് നിക്ഷേപകര്‍ പ്രതിഷേധം ശക്തമാക്കിയത്. ഇതിന്റെ ആദ്യ ഘട്ടമായിട്ടാണ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്.

കുന്നത്തുകളത്തിലിന് ചിട്ടി നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാരിന് നിക്ഷേപത്തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും സ്ഥാപന ഉടമകളുടെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിച്ച് നിക്ഷേപകര്‍ക്ക് ഉടന്‍ പണം തിരികെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 510 നിക്ഷേപകരും 136 കോടി രൂപയുടെ കടബാധ്യതയും ഉണ്ടെന്നാണ് സ്ഥാപന ഉടമ വിശ്വനാഥന്‍ സമര്‍പ്പിച്ചിരിക്കുന്ന പാപ്പര്‍ ഹരജിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിലവില്‍ ലഭിച്ചിരിക്കുന്ന 1600 ല്‍പരം പരാതികളില്‍ തന്നെ 150 കോടിയില്‍ പരം രൂപയുടെ നിക്ഷേപം നഷ്ടപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്.

കുന്നത്തുകളത്തില്‍ സ്ഥാപന ഉടമ വിശ്വനാഥനും കുടുംബവും ഒളിവിലാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറാനാണ് പൊലീസ് തീരുമാനം. പാപ്പര്‍ ഹരജിയില്‍ റിസീവറെ നിയമിച്ച് കോട്ടയം സബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

TAGS :

Next Story