ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി
സഹകരണ സെക്രട്ടറിയായി മിനി ആന്റണിയെയും നിയമിക്കും
തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി പോൾ ആന്റണി ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
1984 ബാച്ച് ഉദ്യോഗസ്ഥനായ ടോംജോസിന് 2020 മെയ് 31 വരെയാണ് കാലാവധിയുള്ളത്.നിലവിലെ ചീഫ് സെക്രട്ടറി പോൾ ആന്റണിയെക്കാൾ സീനിയറായ ആനന്ദ്കുമാര്‍ കേന്ദ്രത്തിൽ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് കേരളത്തിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല , ഈ സാഹചര്യത്തിലാണ് ടോം ജോസിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും സ്റ്റാഫ് നഴ്സുമാര്‍ നഴ്സിംഗ് അസിസ്റ്റന്റ് 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനു പുറമേ 12 ജൂനിയര്‍ റസിഡന്‍റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റുമാരേയും ഓരോ പവന്റെ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കും. നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനി സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയായും നിയമിക്കാനും മന്ത്രി സഭ യോഗം തീരുമാനിച്ചിട്ടുണ്ട്. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു. നികുതി-എക്സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും.
Adjust Story Font
16