Quantcast

അവര്‍ക്കൊപ്പം; രാജി വച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമലോകം

ലൈംഗികാക്രമണത്തെ അതിജീവിച്ച ആ അഭിനേതാവ് പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുന്നത് സമാനതകളില്ലാത്ത ഉദാഹരണമായാണ്

MediaOne Logo

Web Desk

  • Published:

    28 Jun 2018 6:28 AM GMT

അവര്‍ക്കൊപ്പം; രാജി വച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമലോകം
X

അമ്മയില്‍ നിന്നും രാജി വച്ച നടിമാര്‍ക്ക് പിന്തുണയുമായി മാധ്യമലോകം. പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മീഡിയ വിത്ത് ദ സര്‍വൈവര്‍(#Mediawiththesurvivor), ഫ്രീ സിനിമ ഫ്രം മാഫിയ (#FreecinemaFromMafia)എന്നീ ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകരെല്ലാം പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഗീതു മോഹന്‍ദാസ്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ രാജി വച്ചത്.

ഹാഷ് ടാഗിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പുകള്‍

സിനിമാ അഭിനേതാക്കളുടെ സംഘടനയായ A.M.M.A യിൽ നിന്ന്, നേതൃത്വത്തിൽ അവിശ്വാസവും വിയോജിപ്പും പരസ്യമായി രേഖപ്പെടുത്തിക്കൊണ്ട് ധീരമായി രാജിവെച്ച ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർക്ക് സ്നേഹാഭിവാദ്യങ്ങൾ.

ലൈംഗികാക്രമണത്തെ അതിജീവിച്ച ആ അഭിനേതാവ് പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുന്നത് സമാനതകളില്ലാത്ത ഉദാഹരണമായാണ്. സ്വന്തം ശരീരത്തിനും ലൈംഗികതയ്ക്കും മനസ്സിനും മേൽ ആക്രമണം സംഘടനയിൽ അതിന് ക്വട്ടേഷൻ കൊടുത്തവരേയും അതുകണ്ടുനിന്നവരേയും ആക്രമിച്ചവരെ സംരക്ഷിക്കാൻ ശ്രമിച്ചവരേയും ചോദ്യം ചെയ്ത് A.M.M. A എന്ന സംഘടനയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനം ചരിത്രപരമായ ഒന്നാണ്. സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്കിറങ്ങി വരാനുള്ള ആ നാല് സ്ത്രീകളുടെ തീരുമാനത്തെ ഞങ്ങൾ മാധ്യമ പ്രവർത്തകർ ബഹുമാനിക്കുന്നു. ഒട്ടും എളുപ്പമല്ലാത്ത, അധികമാർക്കും എടുക്കാൻ കഴിയാത്ത ആ രാജി തീരുമാനം ഭാവനയും റിമയും ഗീതുവും രമ്യയും എടുത്തിട്ടുണ്ടെങ്കിൽ അത് നിയമവ്യവസ്ഥയോടും രാഷ്ട്രീയ നേതൃത്വങ്ങളോടും മനുഷ്യരോടും മാധ്യമങ്ങളോടുമുള്ള വിശ്വാസം കൊണ്ടാണ്. അവർ മനുഷ്യരോടും നിയമത്തോടും മാധ്യമങ്ങളോടും ജനാധിപത്യത്തോടും പുലർത്തുന്ന വിശ്വാസം ഞങ്ങളുടെ കൂടി വിശ്വാസമായി ഏറ്റെടുക്കുന്നു. നിരുപാധികം അവർക്കൊപ്പം നിൽക്കുന്നു.

#MediaWithTheSurvivor

മുൻപ് പലതവണ എഴുതിയിട്ടുള്ളതാണ്.എങ്കിലും ഒന്നുകൂടി ചൂണ്ടിക്കാണിക്കുന്നു. സിനിമാ വ്യവസായ രംഗത്ത് നിലവിലുള്ള ഏതാണ്ട് എല്ലാ സംഘടനകളും ജനാധിപത്യപരമല്ലാതെ, വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി മാത്രം നില കൊള്ളുന്ന സാമൂഹിക പ്രതിബദ്ധതയോ സാംസ്കാരികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രസ്ഥാനങ്ങൾ ആണ്. വിലക്കുക, ബഹിഷ്കരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾ ആണ് അവിടെ മിക്കവാറും നടക്കുന്നത്. കേരളത്തിൽ ഒരു സിനിമ ചെയ്യണമെങ്കിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തൊട്ട് അമ്മ, ഫെഫ്ക , ഫിലിം ചേംബർ വരെ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അംഗത്വം എടുക്കണം എന്ന അലിഖിത നിയമം തന്നെയുണ്ട്. മലയാള സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ നടത്തുന്നത് ഫിലിം ചേംബർ ആണ്. അവിടെ രജിസ്‌ട്രേഷൻ ചെയ്യണമെങ്കിൽ സാമാന്യം നല്ല തുക ഫീസ് ആയി നൽകണം. മാത്രവുമല്ല മറ്റ് അനുബന്ധ സംഘടനകളിൽ ഭീമമായ തുക നൽകി അംഗത്വം എടുത്താൽ മാത്രമേ സിനിമ രജിസ്റ്റർ ചെയ്യാൻ ഫിലിം ചേംബർ അനുവദിക്കൂ. അല്ലാത്ത സിനിമകളെ സെൻസർ ചെയ്യാൻ അനുവദിക്കാതിരിക്കുക, തിയറ്ററുകൾ പ്രദർശിപ്പിക്കാൻ നൽകാതിരിക്കുക എന്ന കലാപരിപാടികൾ നടത്താറുമുണ്ട്..എന്തുകൊണ്ട് സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ല. സിനിമാ രജിസ്‌ട്രേഷൻ പോലെയുള്ള കാര്യങ്ങൾ തന്നിഷ്ടം പോലെ നടത്താൻ ഒരു സ്വകാര്യ സംഘടനയെ ഇനിയും അനുവദിക്കേണ്ടതുണ്ടോ.ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒരു സിനിമാ ഫെസിലിറ്റേഷൻ സ്ഥാപനം ഉണ്ടായത് കേരളത്തിലാണ് , കെ എസ് എഫ് ഡി സി, ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി ഉണ്ടായത് കേരളത്തിലാണ്...സിനിമയിലെ സ്വകാര്യ സംഘടനകളുടെ മാഫിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മുൻകൈ എടുക്കേണ്ട ഒരു സംസ്ഥാനവും കേരളം ആണ്. സിനിമയുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങൾ എന്ത്കൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ല. കെ എസ് എഫ് ഡി സി യോ ചലച്ചിത്ര അക്കാദമിയോ ഇത് അടിയന്തിരമായി ഏറ്റെടുക്കണം. അതിനായി സർക്കാർ മുൻകൈ എടുക്കണം..അതിനുള്ള ആർജ്ജവം ഈ ഘട്ടത്തിലെങ്കിലും സർക്കാർ സ്വീകരിക്കണം.......#Freecinemafrommafia#

TAGS :

Next Story