Quantcast

നിരപരാധിത്വം തെളിയും വരെ അമ്മയിലേക്കില്ലെന്ന ദിലീപിന്റെ കത്ത് പിടിവള്ളിയാക്കി ‘അമ്മ’

സംഘടനയില്‍ സജീവമാകാനുള്ള ശ്രമം ദിലീപ് തന്നെ ഉപേക്ഷിച്ചതോടെ പ്രശ്നം തീര്‍ന്നുവെന്ന വാദം മുന്നോട്ടു വെക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. 

MediaOne Logo

Web Desk

  • Published:

    29 Jun 2018 5:44 AM

നിരപരാധിത്വം തെളിയും വരെ അമ്മയിലേക്കില്ലെന്ന ദിലീപിന്റെ കത്ത് പിടിവള്ളിയാക്കി ‘അമ്മ’
X

ദിലീപിനെ തിരികെയെടുത്ത തീരുമാനത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഒത്തുതീര്‍പ്പ് ശ്രമം സജീവമാക്കി താരംസംഘടന. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കേരളത്തിലെത്തിയാലുടനെ എക്സിക്യൂട്ടീവ് യോഗം വിളിക്കാനാണ് തീരുമാനം. പ്രതിഷേധമുയര്‍ത്തിയ നടിമാരെ നേരില്‍ വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യാനും നീക്കമുണ്ട്.

ദിലീപിനെ സംഘടനയില്‍ തിരികെയെത്തിക്കാനുള്ള അമ്മ വാര്‍ഷിക ജനറല്‍ ബോഡിയിലെ തീരുമാനത്തിന് പിന്നാലെയുയര്‍ന്ന പ്രതിഷേധത്തെ അവഗണിക്കാനുള്ള ശ്രമം പാളിയതോടെയാണ് സമവായത്തിന് നീക്കം തുടങ്ങിയത്. സംഘടനയില്‍ സജീവമാകാനുള്ള ശ്രമം ദിലീപ് തന്നെ ഉപേക്ഷിച്ചതോടെ പ്രശ്നം തീര്‍ന്നുവെന്ന വാദം മുന്നോട്ട്‌വെക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

വിമര്‍ശന ശരങ്ങളുയര്‍ന്നതോടെ വിവാദങ്ങളില്‍ മൌനം വെടിയാന്‍ സംഘടനാ തലപ്പത്തുള്ളവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രാജിവെച്ചവരും പ്രതിഷേധമുയര്‍ത്തിയവരുമായ നടിമാർ സിനിമയിൽ സജീവമല്ലാത്തവരാണെന്നും അതിനാല്‍ അവരുടെ ഭീഷണി വിലപ്പോകില്ലെന്നുമുള്ള പഴയ നിലപാടില്‍ നിന്ന് പിന്നോക്കം പോകേണ്ട സാഹചര്യത്തിലേക്കാണ് സംഘടന എത്തിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് യോഗം അടുത്ത മാസം രണ്ടാംവാരം വിളിച്ച് ചേര്‍ത്ത് പ്രശ്നം ചര്‍ച്ച ചെയ്യും. ദിലീപിനെ തിരിച്ചെടുത്തത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടിമാരുടെ കത്തും ദിലീപ് നല്‍‌കിയ കത്തും യോഗം ചര്‍ച്ചയ്ക്കെടുക്കും. എന്നാല്‍ ദീലീപ് പിന്മാറിയതുകൊണ്ട് മാത്രമുയര്‍ന്ന സാധ്യതയെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന് നടിമാരുടെ പിന്തുണ കിട്ടുമോയെന്നാണ് അറിയേണ്ടത്.

TAGS :

Next Story