Quantcast

ജി.എസ്.ടിയുടെ ഒരു വര്‍ഷം; പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റ് സംസ്ഥാനം

ജി.എസ്.ടി നടപ്പാക്കി ഒരു വര്‍ഷം തികയുമ്പോള്‍ വലിയ പ്രതീക്ഷയോടെ അതിനെ വരവേറ്റ സംസ്ഥാനത്തിന് എല്ലാ മേഖലകളിലും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    1 July 2018 1:24 AM GMT

ജി.എസ്.ടിയുടെ ഒരു വര്‍ഷം; പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റ് സംസ്ഥാനം
X

ജി.എസ്.ടി നടപ്പാക്കി ഒരു വര്‍ഷം തികയുമ്പോള്‍ വലിയ പ്രതീക്ഷയോടെ അതിനെ വരവേറ്റ സംസ്ഥാനത്തിന് എല്ലാ മേഖലകളിലും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതി വരുമാനത്തിലാണ് വലിയ ഇടിവുണ്ടായത്. സാധനങ്ങളുടെ വിലകുറയുമെന്നതടക്കമുള്ള എല്ലാ പ്രതീക്ഷകളും ജി.എസ്.ടി അസ്ഥാനത്താക്കി.

ഉപഭോക്തൃ സംസ്ഥാനമായത് കൊണ്ട് ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ കേരളത്തിന് വലിയ നേട്ടമുണ്ടാകുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രതീക്ഷ. എന്നാല്‍ ജി.എസ്.ടി നടപ്പാക്കി ഒരു വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാനത്തിന്‍റെ എല്ലാ പ്രതീക്ഷയും തകിടം മറിഞ്ഞു.

നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായി. സാധന വില കുറഞ്ഞില്ല. നികുതി ഭാരം കുറയുന്നതോടെ സാധനങ്ങളുടെ വില കുറയുമെന്നായിരുന്നു വിചാരിച്ചിരുന്നതെങ്കിലും അത് പ്രതീക്ഷയായി മാത്രം ഒതുങ്ങി. ഇ വേ ബില്‍ നടപ്പാക്കാന്‍ വൈകിയതാണ് വരുമാനം കുറയാനുള്ള മാറ്റൊരു പ്രധാനപ്പെട്ട കാരണം. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ സ്ലാബുകള്‍ നിശ്ചയിച്ചതിലുണ്ടായ പിഴവുകള്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് ധനകാര്യവിദഗ്ധരുടെ വിലയിരുത്തല്‍.

ജി.എസ്.ടി നടപ്പിലാക്കി അഞ്ചു വര്‍ഷത്തേക്കാണ് കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. ഇനി നാലു വര്‍ഷം കൂടി നഷ്ടപരിഹാരം ലഭിക്കും. ഇതിനുള്ളില്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും.

ഹോട്ടല്‍ ഭക്ഷണ വില, കോഴി വില, മരുന്ന് വില എന്നിവ കുറയുമെന്ന് വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ചുരുക്കത്തില്‍ ജി.എസ്.ടി നടപ്പാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ പൊതുജനത്തിനും, സര്‍ക്കാരിനും കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്ന് സാരം.

TAGS :

Next Story