മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നു
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് (20) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിലാല്‍, ഫറൂഖ്, റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
അക്രമത്തില്‍ അർജുൻ, വിനീത് എന്നീ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ വൈകുന്നേരം പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. പുതിയ അധ്യയന വര്‍ഷം ഇന്ന് തുടങ്ങാനിരിക്കെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്.
അഭിമന്യുവിനെ കുത്തിക്കൊന്നത് പുറത്തുനിന്നെത്തിയ സംഘമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുപതോളം പ്രതികളുണ്ട്. കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ മാത്രമാണ് ക്യാംപസിലെ വിദ്യാര്‍ഥിയെന്നും മറ്റുള്ളവര്‍ പുറത്തുനിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. സെന്‍ട്രല്‍ സിഐ അനന്തലാലിനാണ് അന്വേഷണ ചുമതല.
കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയാണ് അഭിമന്യു. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമാണ്. സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. വട്ടവടയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
അഭിമന്യുവിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടി പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങിയ ശേഷം കോളജ് ഓഡിറ്റോറിയത്തിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചു. മന്ത്രിമാർ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
Adjust Story Font
16