Quantcast

കെ കരുണാകരന് ഇന്ന് നൂറാം പിറന്നാള്‍

കേരളത്തിനെന്നും, കണ്ണിറുക്കിയും അമര്‍ത്തിച്ചിരിച്ചും സങ്കീര്‍ണമായ രാഷ്ട്രീയ സന്ദര്‍ഭങ്ങളെ അനായാസം മറികടന്ന തന്ത്രശാലിയായ ഭരണാധികാരിയാണ് ലീഡര്‍

MediaOne Logo

Web Desk

  • Published:

    5 July 2018 5:29 AM GMT

കെ കരുണാകരന് ഇന്ന് നൂറാം പിറന്നാള്‍
X

ഇന്ന് കെ കരുണാകരന്‍റെ ജന്മശതാബ്ദി. കേരള രാഷ്ട്രീയത്തെ അരങ്ങിലും അണിയറയിലും നിയന്ത്രിച്ച നേതാവായിരുന്നു കരുണാകരന്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കേന്ദ്ര ബിന്ദുവായിരുന്ന കരുണാകരന്റെ പ്രഭാവം ഏറെക്കുറെ അവസാനിച്ച അവസ്ഥയിലാണ് ഇന്ന് പാര്‍ട്ടി. പിന്‍ഗാമിയായി കരുണാകരന്‍ കണ്ടെത്തിയ മകന്‍ കെ മുരളീധരന് പോലും പിന്നീട് കോണ്‍ഗ്രസില്‍ വേണ്ടത്ര ഇടം നേടാനായില്ല.

നാലുതവണ മുഖ്യമന്ത്രിയും കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും തലയെടുപ്പുള്ള നേതാവുമായിരുന്ന കെ കരുണാകരന്റെ ജനനം ഇന്നേക്ക് നൂറു വര്‍ഷം മുന്‍പ് 1918 ജൂലൈ 5ന് കണ്ണൂരിലെ ചിറക്കലായിരുന്നു. ചിത്രകല പഠിക്കാന്‍ തൃശൂരിലെത്തിയ കരുണാകരന്‍ അവിടെ നിന്നാണ് കേരള രാഷ്ട്രീയത്തിലെ ഒരോയൊരു ലീഡറായി വളര്‍ന്നത്. സീതാറാം മില്ലിലെ തൊഴിലാളികളുടെ നേതാവായി തുടക്കം. 1967 ല്‍ 9 സീറ്റില്‍ ഒതുങ്ങിയ പാര്‍ട്ടിയെ ഭരണത്തില്‍ തിരിച്ചെത്തിച്ചും പിളര്‍ന്ന കോണ്‍ഗ്രസിനെ തകരാതെ സംരക്ഷിച്ചും നേതൃശേഷി തെളിയിച്ച കരുണാകരന്‍ കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവായി. പിന്നാലെ വന്നവര്‍ അപ്രമാദിത്തം ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് വിട്ടിറങ്ങി. പിന്നെ തിരിച്ചെത്തി. പാര്‍ട്ടിയുടെ ആഭ്യന്തര രാഷ്ട്രീയവും കരുണാകരന് ശേഷം ആകെ മാറി.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ കരുണാകരന് പക്ഷെ പഴയ പ്രതാപം തിരിച്ചുപിടിക്കാനായില്ല. മകന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ ഒപ്പം നിന്നവര്‍ക്കും പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. കരുണാകരന്‍റെ പേരിലുണ്ടായിരുന്ന ഐ ഗ്രൂപ്പിന്‍റെ അമരത്തിന്ന് രമേശ് ചെന്നിത്തലയാണ്. കെ മുരളീധരന് കൂടുതല്‍ അടുപ്പം ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനോടും. എന്നാല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസില്‍ ഇപ്പോഴും കരുണാകരന്‍ തന്നെയാണ് ലീഡര്‍. കേരളത്തിനാകട്ടെ, കണ്ണിറുക്കിയും അമര്‍ത്തിച്ചിരിച്ചും സങ്കീര്‍ണമായ രാഷ്ട്രീയ സന്ദര്‍ഭങ്ങളെ അനായാസം മറികടന്ന തന്ത്രശാലിയായ ഭരണാധികാരിയും.

TAGS :

Next Story