Quantcast

ആരോഗ്യ വകുപ്പ് സെക്രട്ടറിക്കെതിരെ പരസ്യ വിമര്‍ശനവുമായി കായംകുളം എംഎല്‍എ

കായംകുളം താലൂക്കാശുപത്രിയുടെ വളര്‍ച്ചയ്ക്കായി താന്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും ധനകാര്യമന്ത്രി ബജറ്റ് മറുപടിയില്‍ ഉറപ്പു നല്‍കുകയുമെല്ലാം ഉണ്ടായിട്ടും ആശുപത്രിയുടെ വികസനം നടന്നില്ലെന്ന്..

MediaOne Logo

Web Desk

  • Published:

    8 July 2018 10:30 AM GMT

ആരോഗ്യ വകുപ്പ് സെക്രട്ടറിക്കെതിരെ പരസ്യ വിമര്‍ശനവുമായി കായംകുളം എംഎല്‍എ
X

ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെതിരെ ഫെയ്‌സ്ബുക്കിലൂടെ പരസ്യ വിമര്‍ശനവുമായി കായംകുളം എംഎല്‍എ അഡ്വ. യു പ്രതിഭ. കായംകുളം താലൂക്കാശുപത്രിയുടെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് രാജീവ് സദാനന്ദനാണെന്ന ആരോപണമാണ് യു പ്രതിഭ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. താലൂക്കാശുപത്രിയുടെ വികസനകാര്യത്തില്‍ എംഎല്‍എ ശ്രദ്ധിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഭരണപക്ഷ എം എല്‍ എ ആരോഗ്യവകുപ്പ് സെക്രട്ടറിയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

കായംകുളം താലൂക്കാശുപത്രിയുടെ വളര്‍ച്ചയ്ക്കായി താന്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും ധനകാര്യമന്ത്രി ബജറ്റ് മറുപടിയില്‍ ഉറപ്പു നല്‍കുകയുമെല്ലാം ഉണ്ടായിട്ടും ആശുപത്രിയുടെ വികസനം നടന്നില്ലെന്ന് അഡ്വ. യു പ്രതിഭ എംഎല്‍എ തന്റെ പോസ്റ്റില്‍ പറയുന്നു. കെട്ടിടം പണിയാന്‍ ഹാബിറ്റാറ്റിന് ചുമതല നല്‍കി ഡിപിആര്‍ തയ്യാറാക്കിയെങ്കിലും ഹൗസിങ്ങ് ബോര്‍ഡിന് ചുമതല മാറ്റി നല്‍കി വീണ്ടും ഡിപിആര്‍ തയ്യാറാക്കാനായിരുന്നു തീരുമാനം. വീണ്ടും ഡിപിആറും മറ്റുമായി സമയം വൈകുമ്പോഴാണ് ആരോ കായംകുളം ആശുപത്രിയുടെ വികസനത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് സംശയം തോന്നിയത്. ഒരു ഹൗസിങ്ങ് ബോര്‍ഡ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് അത് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനാണെന്നറിഞ്ഞതെന്നും എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാജീവ് സദാനന്ദന്‍ കായംകുളം ആശുപത്രിയുടെ ഫയല്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് എംഎല്‍എ ആരോപിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആരോഗ്യ മന്ത്രിയുടെയും പ്രവര്‍ത്തനഫലമായി ഉണ്ടാവുന്ന നേട്ടങ്ങള്‍ ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരപരമായ മാനസികാവസ്ഥമൂലം കായംകുളം ആശുപത്രിക്ക് നഷ്ടമാവരുതെന്ന് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കാര്യമറിയാതെ തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് സമര്‍പ്പിച്ചു കൊണ്ടാണ് എംഎല്‍എ പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.

TAGS :

Next Story