ആലപ്പുഴയില്‍ ഭവനരഹിതര്‍ക്കായി പാര്‍ട്ടി 160 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ജി സുധാകരന്‍
കായംകുളം എരുവ മേഖല സമ്പൂര്‍ണ പാലിയേറ്റീവ് മേഖലയായി പ്രഖ്യാപിച്ചു.
ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് ആലപ്പുഴ ജില്ലയില്‍ ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി സി പിഎം. ജില്ലയിലെ ഭവനരഹിതര്‍ക്കായി പാര്‍ട്ടി 160 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കായംകുളം എരുവ മേഖല സമ്പൂര്‍ണ പാലിയേറ്റീവ് മേഖലയായി പ്രഖ്യാപിച്ചു.
കായംകുളം കെ.കെ.സി സ്മാരക പെയിൻ ആൻറ് പാലിയേറ്റിവ് കെയർ സൊസൈറ്റി എരുവ മേഖലാ ഗവേർണിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമ്പൂർണ്ണ പാലിയേറ്റിവ് മേഖല പ്രഖ്യാപനം. ഇതോടൊപ്പം സൊസൈറ്റിയുടെ നഴ്സിംഗ് യൂണിറ്റിനായി വാങ്ങിയ പുതിയ വാഹനത്തിന്റെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും നടന്നു. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ ജില്ലയില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മേഖലയില്‍ സിപിഎം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നുവെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ചടങ്ങ്. ജില്ലയിൽ വീടുകൾ ഇല്ലാത്ത നിർധനർക്ക് സിപിഎം 160 വീടുകൾ വെച്ചുനൽകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ
പറഞ്ഞു. ഓരോ ലോക്കൽ കമ്മിറ്റിയും ഓരോ വീടുവീതമാണ് വെച്ചുനൽകുക.
അഡ്വ. യു.പ്രതിഭ എം.എൽ.എ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ചാരിറ്റി ബോക്സ് ഉദ്ഘാടനം ആലപ്പി സഹകരണ മിൽ ചെയർമാൻ എം.എ അലിയാരും ഓൺലൈൻ ഫണ്ട് ട്രാൻസാക്ഷൻ ഫോറം ഏറ്റുവാങ്ങല്‍ കായംകുളം മുൻസിപ്പൽ ചെയർമാൻ അഡ്വ.എൻ.ശിവദാസനും നിർവ്വഹിച്ചു.
Adjust Story Font
16