വായ്പ വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; 2 പേര്‍ അറസ്റ്റില്‍
നിരവധി സ്ത്രീകളാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ തൃശൂരില്‍ വെച്ച് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
- Published:
10 July 2018 5:28 AM GMT
പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പേരില്‍ മൈക്രോ ഫിനാന്‍സ് സംഘം വായ്പ നല്‍കുന്നുണ്ടെന്നും അത് തരപ്പെടുത്തി നല്‍കാമെന്നും വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി സ്ത്രീകളാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ തൃശൂരില്‍ വെച്ച് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ എരുമപ്പെട്ടിയിലാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലും. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. മൈക്രോ ഫിനാന്‍സ് സംഘങ്ങളിലൂടെ വായ്പ തരപ്പെടുത്തി തരാമെന്ന വാദ്ഗാനം നല്‍കിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. വേലൂര്‍ സ്വദേശി സുജ, പേരാമംഗലം സ്വദേശി പ്രശാന്ത് എന്നിവരാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ പ്രാദേശികമായി രൂപീകരിച്ചാല്‍ അംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് നിരവധി സ്ത്രീകളില്‍ നിന്ന് 5000 രൂപ വീതം ഇരുവരും കൈക്കലാക്കി.
നിലവില്‍ 200 പേരില്‍ നിന്ന് പണം തട്ടിയതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റിലായ സുജയും പ്രശാന്തും പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഫീല്‍ഡ് ഓഫീസര്‍മാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. രേഖകള്‍ തന്നാല്‍ 45 ദിവസത്തിനുള്ളില്‍ വായ്പ തരുമെന്നും ഇവര്‍ വിശ്വസിപ്പിച്ചു. നിശ്ചിത ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതായപ്പോള്‍ ഇവര്‍ സുജയുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Adjust Story Font
16