Quantcast

ജലന്ധര്‍ ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് അന്വേഷണ സംഘത്തിന്റെ കത്ത്; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ബിഷപ്പിന് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും വത്തിക്കാനില്‍ ഉണ്ട്. ആയതിനാല്‍ വത്തിക്കാനിലേക്ക് ബിഷപ്പ് കടന്ന് കളയാനുള്ള സാധ്യയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

MediaOne Logo

Web Desk

  • Published:

    11 July 2018 8:37 AM GMT

ജലന്ധര്‍ ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് അന്വേഷണ സംഘത്തിന്റെ കത്ത്; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
X

കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കേന്ദ്രസര്‍ക്കാരിന് കത്ത് നല്കിയിട്ടുണ്ട്. സഭയുടെ കണ്ണൂരിലെ മഠങ്ങളില്‍ തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നാളെ എസ് പിക്ക് കൈമാറും.

രഹസ്യമൊഴിയില്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യങ്ങള്‍ വിശദമായ കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതോടെയാണ് അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് നീങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകും. ഇതിന് മുന്നോടിയായിട്ടാണ് ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് അന്വേഷണസംഘം കത്ത് നല്കി. വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്കാന്‍ വ്യോമയാന മന്ത്രാലയത്തിനും കത്ത് നല്കിയിട്ടുണ്ട്.

ബിഷപ്പിന് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും വത്തിക്കാനില്‍ ഉണ്ട്. ആയതിനാല്‍ വത്തിക്കാനിലേക്ക് ബിഷപ്പ് കടന്ന് കളയാനുള്ള സാധ്യയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അറസ്റ്റ് ഉണ്ടായേക്കുമെന്നും സഹായം വേണമെന്നും സംസ്ഥാന ഡിജിപി പഞ്ചാബ് ഡിജിപിയെ അറിച്ചിട്ടുണ്ട്. അറസ്റ്റിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി സഭയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പരാതിയില്‍ പറയുന്ന സമയങ്ങളില്‍‍ ബിഷപ്പ് ഇവിടെ എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുകയുള്ളു. എന്നാല്‍ അതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമങ്ങള്‍ ബിഷപ്പ് ആരംഭിച്ചതായും സൂചനയുണ്ട്.

TAGS :

Next Story