ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി: കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ പരിശോധന
പീഡനം നടന്നതായി പറയുന്ന കാലയളവില്‍ ബിഷപ്പ് നാല് തവണ ഈ മഠത്തില്‍ സന്ദര്‍ശനം നടത്തിയതിന്റെ രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ രൂപതയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. പീഡനം നടന്നതായി പറയുന്ന കാലയളവില്‍ ബിഷപ്പ് നാല് തവണ ഈ മഠത്തില്‍ സന്ദര്‍ശനം നടത്തിയതിന്റെ രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്നും ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമെന്നും വൈക്കം ഡി.വൈ.എസ്.പി പറഞ്ഞു.
ജലന്ധര്‍ രൂപതക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പരിയാരത്തെ സെന്റ് ക്ലാര കോണ്‍വെന്റ്, പാണപ്പുഴയിലെ മരിയ സദന്‍ കോണ്‍വെന്റ് എന്നിവിടങ്ങളിലാണ് ഇന്ന് അന്വേഷണ സംഘം പരിശോധന നടത്തിയത്. 2013- 14 കാലയളവില്‍ ഈ കോണ്‍വെന്റുകളില്‍ പൊതുപരിപാടിക്കെത്തിയ ബിഷപ്പ് തിരികെ പോകും വഴി കുറവിലങ്ങാട് മഠത്തില്‍വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന.
വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘം കോണ്‍വെന്റിലെ സന്ദര്‍ശന രജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്ന കാലയളവില്‍ ബിഷപ്പ് ഇവിടെ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ കണ്ടെത്തി. എന്നാല്‍ ഈ സമയത്ത് ഒരിക്കല്‍ പോലും ബിഷപ്പ് ഇവിടെ താമസിച്ചിട്ടില്ല.
കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കേണ്ടതുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂയെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
Adjust Story Font
16