Quantcast

അഭിമന്യു വധം: പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തം

അഭിമന്യു കൊല്ലപ്പെട്ട് രണ്ട് ആഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന്റെ മെല്ലെപ്പോക്ക് കാരണമാണെന്ന ആക്ഷേപം ശക്തമാണ്.

MediaOne Logo

Web Desk

  • Published:

    15 July 2018 5:03 AM GMT

അഭിമന്യു വധം: പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തം
X

അഭിമന്യു വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. അഭിമന്യു കൊല്ലപ്പെട്ട് രണ്ട് ആഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന്റെ മെല്ലെപ്പോക്ക് കാരണമാണെന്ന ആക്ഷേപം ശക്തമാണ്.

സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് പ്രതിപക്ഷവും സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫും ഇന്നലെ രംഗത്ത് വന്നിരുന്നു. യഥാര്‍ഥ പ്രതികളെ പിടികൂടാത്തതിന്റെ കാരണം സര്‍ക്കാര്‍ പറയണമെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. കേസിലുള്‍പ്പെട്ട പ്രധാന പ്രതികളെ പൊലീസിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കൃത്യത്തിന് കൂട്ടു നിന്നവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യപ്രതികള്‍ ഉള്‍പ്പെടെ അറസ്റ്റിലാകാത്ത സാഹചര്യത്തിലാണ് പൊലീസും സര്‍ക്കാരും പഴി കേള്‍ക്കേണ്ടി വരുന്നത്. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന സൂചന നേരത്തെ തന്നെ പൊലീസിനു ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്ത് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചെങ്കിലും അതും ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസന്വേഷണം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയത്.

അതേസമയം അഭിമന്യുവിനൊപ്പം ആക്രമണത്തില്‍ കരളിന് പരുക്കേറ്റ് ചികില്‍സയിലായിരുന്ന കൊട്ടാരക്കര സ്വദേശി അര്‍ജുന്‍ ആശുപത്രി വിട്ടു. കേസില്‍ പ്രധാന സാക്ഷികളിലൊരാള്‍ കൂടിയായ അര്‍ജുന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story