Quantcast

ആലപ്പുഴയിലെ സ്‌കൂളുകളേയും അഗതി മന്ദിരങ്ങളേയും ബന്ധിപ്പിച്ച് ‘ഗുരുവന്ദനം’

സ്‌നേഹവീട്ടിലെ അന്തേവാസികളുടെ ഏകാന്തത അകറ്റുന്നതിനു പുറമെ മറ്റൊരു വലിയ ലക്ഷ്യം കൂടി ഗുരുവന്ദനത്തിനുണ്ട്. മാതാപിതാക്കളെ പാഴ്‌വസ്തുക്കളെപ്പോലെ വലിച്ചെറിയരുതെന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കലാണത്

MediaOne Logo

Web Desk

  • Published:

    30 July 2018 2:13 PM GMT

ആലപ്പുഴയിലെ സ്‌കൂളുകളേയും അഗതി മന്ദിരങ്ങളേയും ബന്ധിപ്പിച്ച് ‘ഗുരുവന്ദനം’
X

വാര്‍ദ്ധക്യത്തില്‍ മക്കളും സ്വന്തക്കാരും ഉപേക്ഷിച്ചവര്‍ അഗതിമന്ദിരങ്ങളില്‍ എത്തിയാലും പുറം ലോകവുമായി ബന്ധമില്ലാത്ത ജീവിതമാണ് സാധാരണയായി ഉണ്ടാവാറുള്ളത്. പക്ഷേ അതില്‍ നിന്ന് വ്യത്യസ്തമായി അവരെ പുറം ലോകവുമായി ബന്ധിപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ആലപ്പുഴ ചെറുതനയിലെ ഗാന്ധിഭവന്‍ സ്‌നേഹവീട്. ഇതിനായി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടപ്പാക്കുന്ന ഗുരുവന്ദനം പരിപാടിക്ക് ഉടന്‍ തുടക്കമാവും.

വേണ്ടപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെട്ട് സ്‌നേഹവീട്ടിലെത്തിയ മുപ്പതോളം അന്തേവാസികള്‍ക്ക് ഇനി ആയിരക്കണക്കിന് കുരുന്നുകളുടെ അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെയാവാം. അവരെ ആലപ്പുഴ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കൊണ്ടു പോയി കുട്ടികളുമായി കൂട്ടുകൂടാനും കൊച്ചുവര്‍ത്തമാനം പറയാനുമൊക്കെ അവസരമൊരുക്കുന്ന പരിപാടിയാണ് ഗുരുവന്ദനം. കൊച്ചുകുട്ടികളുടെ അടുത്തേക്ക് പോകാന്‍ അവസരം കിട്ടുന്നതിന്റെ സന്തോഷത്തിലാണ് സ്‌നേഹവീട്ടിലെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും.

സ്‌നേഹവീട്ടിലെ അന്തേവാസികളുടെ ഏകാന്തത അകറ്റുന്നതിനു പുറമെ മറ്റൊരു വലിയ ലക്ഷ്യം കൂടി ഗുരുവന്ദനത്തിനുണ്ട്. മാതാപിതാക്കളെ പാഴ്‌വസ്തുക്കളെപ്പോലെ വലിച്ചെറിയരുതെന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കലാണത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഗുരുവന്ദനം പരിപാടി നടപ്പാക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

TAGS :

Next Story