Quantcast

കനത്ത മഴ; സംസ്ഥാനത്ത് 12 മരണം

മലപ്പുറത്തു നിന്നും പത്തനംതിട്ടയില്‍ നിന്നുമായി 4 പേരെ കാണാതായി. 36 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 1214 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

MediaOne Logo

Web Desk

  • Published:

    17 July 2018 6:19 AM GMT

കനത്ത മഴ; സംസ്ഥാനത്ത് 12 മരണം
X

ഓഖി: സംസ്ഥാനത്ത് ഒരു മരണം കൂടി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാലവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ 12 പേര്‍ മരിച്ചു. മലപ്പുറത്തും പത്തനംതിട്ടയില്‍ നിന്നുമായി 4 പേരെ കാണാതായി. അടുത്ത വ്യാഴാഴ്ച വരെ സ്ഥിതി തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തുടനീളം നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. ജൂലൈ 9 മുതല്‍ തുടങ്ങിയ പേമാരിയിലും ഉരുള്‍പ്പൊട്ടലിലും 12 പേര്‍ മരിച്ചതായാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. മലപ്പുറത്തു നിന്നും പത്തനംതിട്ടയില്‍ നിന്നുമായി 4 പേരെ കാണാതായി. 36 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 1214 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 244.846 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. എന്നാല്‍ എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കണക്കാക്കിയിട്ടില്ല.

അതേസമയം കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 186 കാമ്പുകള്‍ തുറന്നിട്ടുണ്ട്. 6065 കുടുംബങ്ങളില്‍ നിന്നായി 26833 പേര്‍ കാമ്പുകളില്‍ കഴിയുന്നുണ്ട്. വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റി മീറ്റര്‍ വരെയുള്ള ശക്തമായ മഴക്കോ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കനത്തമഴ ദുരിതം വിതച്ച എറണാകുളം ജില്ലയില്‍ 3218 പേരെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലാകെ 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ ചെല്ലാനത്തു നിന്നും 559 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ദുരിത പെയ്ത് തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്ലസ്ടു തലം വരെയുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കാലവര്‍ഷം കലിതുള്ളി പെയ്യുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം 29 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനകം തന്നെ തുറന്നു. 3218 പേര്‍ വിവിധ ക്യാമ്പുകളില്‍ അഭയം തേടി. 956 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ വൈദ്യസഹായമടക്കം എല്ലാ വിധ സജ്ജീകരണവും ഒരുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളിലെത്തിയത്.

ചെല്ലാനം ലിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇപ്പോള്‍ തന്നെ 559 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. മഴ രൂക്ഷമായാല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മഴക്കെടുതിയില്‍ ഇത് വരെ ജില്ലയില്‍ 60 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പുഴകളടക്കമുള്ള ജലസ്രോതസുകള്‍ കരവിഞ്ഞൊഴുകുകയാണ്. പുഴകളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കനത്ത മഴ കണക്കിലെടുത്ത് ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കില്ല.

TAGS :

Next Story