Quantcast

സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാന്‍ ഇന്ന് ഡല്‍ഹിക്ക്; നാളെ പ്രധാനമന്ത്രിയെ കാണും

റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിലുള്ള പരാതി അറിയിക്കും; കാലവര്‍ഷക്കെടുതിയടക്കം സംസ്ഥാനത്തിന്റെ ആവശ്യങ്ങളും ഉന്നയിക്കും

MediaOne Logo

Web Desk

  • Published:

    18 July 2018 3:26 AM GMT

സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാന്‍ ഇന്ന് ഡല്‍ഹിക്ക്; നാളെ പ്രധാനമന്ത്രിയെ കാണും
X

സംസ്ഥാനത്തിന്റ റേഷൻ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ സർവ കക്ഷി സംഘം ഇന്ന് ഡൽഹിക്ക് തിരിക്കും. രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെടുക. റേഷൻ പ്രശ്നത്തിന് പുറമേ കാലവർഷക്കെടുതിയടക്കം സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിക്കും. നിയമസഭയിൽ പ്രാതിനിധ്യമുള്ള വിവിധ രാഷ്ട്രീയ കക്ഷികളിലെ ഓരോ പ്രതിനിധികൾ സംഘത്തിലുണ്ടാവും. നാളെയാണ് പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ച.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷം സംസ്ഥാനത്തിനു ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം ടണ്ണിൽനിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു. ഇതു പഴയപടി നിലനിർത്തണമെന്നാണു പ്രധാന ആവശ്യം. ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുള്ള സാഹചര്യത്തിൽ കൂടുതൽ ഭക്ഷ്യധാന്യം ആവശ്യമുണ്ടെന്നും സംഘം ചൂണ്ടിക്കാണിക്കും. നിലവില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പെട്ടവര്‍ക്ക് മാത്രമെ 5 കിലോ അരി ലഭിക്കുന്നുള്ളു. അരിവിഹിതം വര്‍ധിപ്പിച്ച് എല്ലാവര്‍ക്കും 5 കിലോ അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

റേഷൻ പ്രശ്നത്തിന് പുറമേ പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരിമല റെയിൽവേക്ക് കേന്ദ്രം മുഴുവൻ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ ഭാഗത്ത് നിന്ന് മന്ത്രിമാരായ പി തിലോത്തമൻ, ജി.സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് പുറമേ, ചീഫ് സെക്രട്ടറിയും, ഭക്ഷ്യ സെക്രട്ടറിയും സംഘത്തെ അനുഗമിക്കും. എംഎൽഎ മാരും, എം പിമാരും ഉൾപ്പടെ 22 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കാണുക.

പ്രധാനമന്ത്രിക്ക് നല്‍കുന്ന നിവേദനത്തിൽ കേരളം നേരിടുന്ന രൂക്ഷമായ കാലവര്‍ഷക്കെടുതിയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കൃഷിനാശമടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇതിനകം സംഭവിച്ചിരിക്കുന്നത്. ഇത് നേരിടുന്നതിന് അടിയന്തിരമായി കേന്ദ്രസഹായം ആവശ്യമാണ്. കെടുതികളില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കൃഷിനാശം നേരിടുന്നതിനും സമഗ്രമായ ഒരു പാക്കേജ് വേണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

നേരത്തേ പല തവണ പ്രധാനമന്ത്രിയെ കാണാൻ കേരളം സമയം ചോദിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവക്കുകയും ചെയ്തിരുന്നു.

TAGS :

Next Story