ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി: കർദിനാളിന്റെ മൊഴിയെടുത്തു
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു.
- Published:
19 July 2018 5:50 AM GMT
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നുവെങ്കിലും മറ്റൊരു സഭയിലെ പ്രശ്നമായതിനാലാണ് ഇടപെടാതിരുന്നത്. മേലധികാരികളെ അറിയിക്കാന്‍ ഉപദേശിച്ചതായും കര്‍ദിനാള്‍ മൊഴി നല്‍കി.
വൈകിട്ടോടെ സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസ് മൗണ്ടിലെത്തിയാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തിയത്. ഒന്നര മണിക്കൂറോളമെടുത്താണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്.
കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നുവെന്ന് കര്‍ദിനാള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതീവ രഹസ്യ സ്വഭാവമുള്ളതെന്ന് കാണിച്ചാണ് പരാതി കിട്ടിയത്. അതിനാലാണ് പുറത്ത് പറയാതിരുന്നത്. മഠത്തിലെ ചില തർക്കങ്ങളും മറ്റ് വിഷയങ്ങളും ആണ് കന്യാസ്ത്രീ പറഞ്ഞത്. ലൈംഗിക പീഡനം പരാതിയില്‍ ഉന്നയിച്ചിരുന്നില്ലെന്നും കര്‍ദിനാള്‍ മൊഴി നല്‍കി.
2017 നവംബറില്‍ കര്‍ദിനാളിനെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇതുവരെ രേഖപ്പെടുത്തിയ മൊഴികളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കും. അതേസമയം ജലന്ധറില്‍ പോയി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമേയുണ്ടാകൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
Adjust Story Font
16