സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; താഴ്‍ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയില്‍
ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പലജില്ലകളിലുമായി ശക്തമായ മഴ തുടരുന്നു. ഞായറാഴ്ച വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുവരെ 22 ശതമാനം അധികമഴയാണ് പെയ്തിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനിടെ ഇത്രയധികം മഴ ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് അപ്പർ കുട്ടനാട് പൂർണമായും വെള്ളത്തിന്നടിയിലാണ്. നാല് താലൂക്കുകളിൽ 7000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പകർച്ചവ്യാധികൾക്കെതിരെ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
റാന്നി അടൂർ കോഴഞ്ചേരി മുല്ലപ്പള്ളി തിരുവല്ല താലൂക്കുകളിലാണ് വെള്ളപ്പൊക്ക കെടുതികളുള്ളത്. അപ്പർ കുട്ടനാട് ഉൾപ്പെടുന്ന തിരുവല്ല താലൂക്കിലാണ് ദുരിതമേറെ ഉള്ളത്. ആകെയുള്ള 96 ദുരിതാശ്വാസ ക്യാമ്പുകളിൽ 85 എണ്ണം തിരുവല്ലയിലാണ്. 1954 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം പകർച്ചവ്യാധി സാധുതയുള്ളതിനാൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്
ജില്ലയിൽ ഇന്നലെ മാത്രം 403 പേർ പനിക്ക് ചികിത്സ തേടി. ഇതിൽ 2 പേർക്ക് ഡങ്കി സ്ഥിരീകരിച്ചു. നേരത്തെ തന്നെ ജില്ലയിൽ എലിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് 7 പേർ മരിക്കുകയും 2 പേരെ കാണാതാവുകയും ചെയ്തു. 3 വീടുകൾ പൂർണമായും 189 എണ്ണം ഭാഗികമായും തകർന്നു. 37 ഹെക്ടറിലെ കൃഷിയടക്കം 2.81 കോടിയുടെ നഷ്ടമുണ്ട്. കെ എസ് ഇ ബിക്ക് 50 ലക്ഷത്തിന്റെ സാമഗ്രികളും നഷ്ടമായി. ചെറിയ ഇടവേളക്ക് ശേഷം ഇന്നലെ വീണ്ടും മഴ കനത്തത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
കനത്തമഴയെത്തുടര്‍ന്ന് ആലപ്പുഴയില്‍ കുട്ടനാട് മേഖലയിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. എടത്വ പച്ചയില്‍ രണ്ടു വയസ്സുകാരി കഴിഞ്ഞ ദിവസം വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ജില്ലയില്‍ 212 ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കുട്ടനാട്ടിലും ചെങ്ങന്നൂരിലുമായി തുടങ്ങിയ ഭക്ഷണ വിതരണ കേന്ദ്രങ്ങളെ 90,000 ലധികം പേരാണ് ആശ്രയിക്കുന്നത്.
ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അരലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പല ക്യാമ്പുകളിലും എത്തിപ്പെടുക വലിയ പ്രയാസമാണ്. കുട്ടനാട് മേഖലയില്‍ ക്യാമ്പുകള്‍ നടത്താന്‍ പറ്റിയ കേന്ദ്രങ്ങളടക്കം എല്ലാ പ്രദേശങ്ങളും വെള്ളക്കെട്ടുകളിലായതിനാല്‍ അധികൃതര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
തലവടി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയില്‍ പോലും നിറഞ്ഞ വെള്ളക്കെട്ടാണ്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ വെള്ളം കടന്നു വേണം ദുരിതാശ്വാസ ക്യാമ്പിലെത്താന്‍. പോകുന്ന വഴിയിലെല്ലാം വീടുകളില്‍ വെള്ളം കയറിക്കിടക്കുന്ന കാഴ്ചയാണ്. ക്യാമ്പിന് തൊട്ടുമുന്‍പില്‍ പമ്പയാര്‍ കര കവിഞ്ഞൊഴുകുന്നു.
ഇത് ഒരു ക്യാമ്പിലെ മാത്രം കാഴ്ചയല്ല. കുട്ടനാട്ടിലെ, ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളിലെ ജനങ്ങളുടെ ദുരിതമാണ്.
Adjust Story Font
16