Quantcast

കാലവർഷക്കെടുതി: കേരളത്തിന് 80 കോടി രൂപയുടെ ആദ്യഘട്ട കേന്ദ്രസഹായം

ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു

MediaOne Logo

Web Desk

  • Published:

    21 July 2018 10:46 AM GMT

കാലവർഷക്കെടുതി: കേരളത്തിന് 80 കോടി രൂപയുടെ ആദ്യഘട്ട    കേന്ദ്രസഹായം
X

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കാലവര്‍ഷക്കെടുതി നേരിടാന്‍ ഇതിനോടകം കേരളത്തിന് 80 കോടി രൂപ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കാലവര്‍ഷക്കെടുതി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും റിജിജു പറഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവർഷക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രമന്ത്രി മാധ്യമങ്ങളോടാണ് ഇക്കാര്യമറിയിച്ചത്.

കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അൽഫോൺസ് കണ്ണന്താനവും രാവിലെയാണ് കേരളത്തിലെത്തിയത്. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദർശിച്ച മന്ത്രിമാർ ഹെലികോപ്ടറിൽ കോട്ടയത്തെത്തി.

കോട്ടയം ചെങ്ങളത്ത് മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെതിരെ പ്രതിഷേധമുണ്ടായി. മന്ത്രി പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ചെങ്ങളത്തെത്തി പരാതി സ്വീകരിച്ചു.

തുടർന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദർശിച്ച് രാത്രി ഡൽഹിക്ക് മടങ്ങും. ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആർ.കെ. ജെയിൻ, ആഭ്യന്തരവകുപ്പ് ജോയൻറ് സെക്രട്ടറി സഞ്ജീവ്കുമാർ ജിണ്ടാൽ, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവർ സംഘത്തിലുണ്ട്.

അതിനിടെ പിറവം ഓണക്കൂറില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട ശങ്കരന്‍റെയും തിരുവല്ല കവിയൂരിൽ വെള്ളകെട്ടിൽ കാണാതായ ബിന്നിയുടെയും മൃതദേഹം കണ്ടെത്തി.

TAGS :

Next Story