വീടിനു ചുറ്റും വെള്ളം; ക്യാമ്പുകളില്‍ പോകാന്‍ കഴിയാതെ അസുഖ ബാധിതര്‍
വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ പഴയജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും.
ആലപ്പുഴ ജില്ലയില്‍ അരലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും ഇപ്പോഴും ക്യാമ്പുകളിലേക്ക് പോകാന്‍ കഴിയാത്തവരായി നിരവധി പേര്‍ വെള്ളം കയറിയ വീടുകളില്‍ കഴിയുന്നുണ്ട്. വീടുകളില്‍ അസുഖബാധിതരും അവശരുമായ ആളുകളുള്ളതാണ് പലര്‍ക്കും ക്യാമ്പുകളില്‍ പോകാന്‍ തടസ്സമാവുന്നത്.
വെള്ളം കയറി റോഡും പാടവുമെല്ലാം വെള്ളത്തില്‍ മുങ്ങി വഞ്ചിയില്‍ മാത്രം പുറത്തിറങ്ങാന്‍ കഴിയുന്നവരായി ഇങ്ങനെ നിരവധി പേരുണ്ട്. പ്രായമായവരെയും അസുഖബാധിതരെയും ഒക്കെ ഇങ്ങനെ വഞ്ചിയില്‍ കൊണ്ടു പോകാന്‍ കഴിയാത്തതു കൊണ്ട് ബാക്കിയുള്ളവരും വെള്ളപ്പൊക്കത്തിനു നടുവില്‍ തന്നെ കഴിയുന്നു. കുട്ടനാട്ടില്‍ ഏതാണ്ടെല്ലാ ഭാഗത്തും ജില്ലയുടെ മറ്റു ചിലഭാഗങ്ങളിലുമെല്ലാം ഇത്തരത്തില്‍ നിരവധി കുടുംബങ്ങളുണ്ട്.
വെള്ളം ഒഴിഞ്ഞുതുടങ്ങി; ദുരിതമൊഴിയാതെ കോട്ടയത്തുകാര്‍
കോട്ടയം ജില്ലയിലെ മഴക്കെടുതിക്ക് നേരിയ ആശ്വാസം ഉണ്ടായെങ്കിലും ദുരിതത്തിന് ശമനമില്ല. വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ പഴയജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരാഴ്ചയോളമായി തുടരുന്ന മഴക്കെടുതി കുറച്ചൊന്നുമല്ല കോട്ടയം ജില്ലയില്‍ നാശം വിതച്ചത്. മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളും മീനച്ചിലാറിന്റെ തീരപ്രദേശങ്ങളും വെള്ളത്തിനടയിലായി. രണ്ട് പതിറ്റാണ്ടിന് ശേഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടയിലായി. അഞ്ച് ദിവസത്തിനിപ്പുറം വെള്ള ഇറങ്ങാന്‍ തുടങ്ങിയെങ്കിലും പഴയ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഇനിയും സമയം എടുക്കുമെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.
നിലവില്‍ 182 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പതിനായിരത്തോളം കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുമുണ്ട്. നിലവില്‍ വേമ്പനാട് കായലിനോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം അവശേഷിക്കുന്നത്. മഴ മാറി നിന്നാല്‍ മഴക്കെടുതിക്ക് അധികം താമസിക്കാതെ ശമനമാകും.
മഴക്കെടുതിയൊഴിയാതെ പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ലയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക കെടുതികള്‍ തുടരുകയാണ്. അപ്പര്‍ കുട്ടനാട് ഉള്‍പ്പെടുന്ന തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ജില്ലയില്‍ 2.96 കോടിയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
ആറ് ദിവസം തുടര്‍ച്ചയായി പെയ്ത മഴ തെല്ലൊന്ന് ശമിച്ചത് ആശ്വാസകരമായെങ്കിലും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും അപ്പര്‍ കുട്ടനാട്ടിലും ദുരിതം തുടരുകയാണ്. ഈ പ്രദേശങ്ങളിലുള്ള ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബന്ധുവീടുകളില്‍ അഭയം തേടിയവരും നിരവധിയുണ്ട്. വളര്‍ത്തുമൃഗങ്ങളും ദുരിതത്തിലാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്.
മഴക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 8 പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. 4 വീടുകള്‍ പൂര്‍ണമായും 205 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 98 ദുരിതാശ്വാസ ക്യാമ്പുകളിലായി 8059 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 1.86 കോടിയുടെ കൃഷി നശിച്ചതായാണ് കണക്ക്.
ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഡാമുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ ശമിച്ചെങ്കിലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളം കയറി, കുടിവെള്ളം നഷ്ടമായി അരീക്കോട്ടുകാര്‍
മലപ്പുറം അരീക്കോടിനു സമീപത്തെ പത്തനാപുരത്ത് രണ്ടാഴ്ചയായി തുടരുന്ന വെള്ളക്കെട്ടില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നൂറ്റമ്പതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കുടിവെള്ളം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഇവിടെയുള്ള കുടുംബങ്ങള്‍.
അരീക്കോട് - മുക്കം റോഡിലെ പഴയ ചുങ്കത്തിനോടു ചേർന്നുള്ള ഓവുപാലം അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. നാല് വീടുകളും നാല് വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി. കിണറുകളും കക്കൂസ് ടാങ്കുകളും നിറഞ്ഞൊഴുകുന്നതിനാല്‍ ജീവിതം ദുരിതമാണ്.
വെസ്റ്റ് പത്തനാപുരം ഹരിജൻ കോളനിയിലേക്കുള്ള ഏക റോഡും വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയ വീടുകളിലൊന്നില്‍ ഈ മാസം 26 ന് വിവാഹം നടക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ എങ്ങനെ വിവാഹം നടത്തുമെന്ന ആശങ്കയിലാണ് കുടുംബം. വെള്ളക്കെട്ടിന് പിഡബ്യൂഡി ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ പഴിക്കുന്നത്. ജില്ലാ കലക്ടറെ കണ്ട് പരാതി ഉന്നയിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Adjust Story Font
16