കാലവര്‍ഷ കെടുതി; ദുരിതമൊഴിയാതെ കോട്ടയവും ആലപ്പുഴയും
വെള്ളം ഇറങ്ങി തുടങ്ങിയതോടെ വീടും പരിസരവും പൂര്‍വ്വസ്ഥിതിയിലെത്തിക്കാനുള്ള പെടാപ്പാടിലാണ് ദുരിതബാധിതര്‍.കിണറുകള്‍ അടക്കം മുങ്ങിയതോടെ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ് പലയിടങ്ങളിലും
മഴക്കെടുതിക്ക് ശമനം ഉണ്ടെങ്കിലും കോട്ടയം ജില്ലയിലെ ദുരിതം വിട്ട് മാറിയിട്ടില്ല. വെള്ളം ഇറങ്ങി തുടങ്ങിയതോടെ വീടും പരിസരവും പൂര്‍വ്വസ്ഥിതിയിലെത്തിക്കാനുള്ള പെടാപ്പാടിലാണ് ദുരിതബാധിതര്‍. കിണറുകള്‍ അടക്കം മുങ്ങിയതോടെ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ് പലയിടങ്ങളിലും.
കനത്ത മഴയില്‍ ഒഴുകി കയറിയ വെള്ളം കോട്ടയം നഗരത്തെ അപ്പാടെ മുക്കി. മീനച്ചിലാറിന്റെ തീരങ്ങളെല്ലാം പണ്ടൊരിക്കലും കണ്ടിട്ടില്ലാത്ത വണ്ണം വെള്ളത്തിനടിയിലായി. ദുരിതപ്പെയ്ത്തിന് അറുതി വന്നതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. എന്നാല്‍ ജീവിതം തിരികെ പിടിക്കാന്‍ അത്രവേഗം ഈ ദുരിത ബാധിതര്‍ക്ക് സാധിക്കില്ല. വീടും സാധന സാമഗ്രികളും വൃത്തിയാക്കുന്ന ജോലി ഇപ്പോള്‍ മിക്ക കുടുംബങ്ങളും ചെയ്യുന്നത്. എന്നാല്‍ അത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ മാതാപിതാക്കളും മക്കളും എല്ലാം ഒരുമിച്ചാണ് ഈ ജോലി ചെയ്യുന്നത്. എത്ര വൃത്തിയാക്കിയാലും രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമെന്നത് ഇവരെ ആശങ്കയിലുമാക്കുന്നുണ്ട്..
മഴയ്ക്ക് ശമനം; എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്താന്‍ തീരുമാനം
മഴ ശമിച്ചതോടെ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മഴക്കെടുതി നേരിട്ട ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. വെള്ളക്കെട്ടിന് ശേഷമുള്ള രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
മഴ ശമിച്ചതോടെ ജില്ലയിലെ പുഴയിലേയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പല ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ തിരികെ വീട്ടിലേക്ക് മടങ്ങി തുടങ്ങി. മഴ പൂര്‍ണമായും ശമിക്കുന്നതോടെ ദുരിതാശ്വാസക്യാമ്പുകള്‍ നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം. പറവൂര്‍, കണയന്നൂര്‍, ആലുവ താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകള്‍ മാത്രമാണ് ജില്ലയില് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 674 കുടുംബങ്ങളിലായി 2489 പേരാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളതായാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക്. പറവൂര്‍ താലൂക്കില്‍ 14 ക്യാമ്പുകളിലായി 467 കുടുംബങ്ങളിലെ 1790 അംഗങ്ങളാണുള്ളത്. കണയന്നൂര്‍ താലൂക്കില്‍ 120 കുടുംബങ്ങളിലെ 438 അംഗങ്ങളാണ് പത്ത് ക്യാമ്പുകളിലായുള്ളത്. ആലുവ താലൂക്കില്‍ 87 കുടുംബങ്ങളിലെ 261 പേര്‍ രണ്ടു ക്യാമ്പുകളിലായി കഴിയുന്നു. ക്യാമ്പുകളില്‍ നിന്ന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, നാടോടികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഡെങ്കിപ്പനി, കോളറ, ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപിത്തം, എലിപ്പനി, ടൈഫോയ്ഡ് എന്നീ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വെള്ളക്കെട്ടിന് ശേഷമുള്ള രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് ദുരിതബാധിതരായവരുടെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ശുചീകരണവും സംഘടിപ്പിക്കും.
കാലവർഷക്കെടുതിയിൽ പത്തനംതിട്ടയ്ക്ക് 37.87 കോടിയുടെ നാശനഷ്ടം
പത്തനംതിട്ട ജില്ലയിൽ കാലവർഷക്കെടുതിയിൽ ആകെ 37.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തൽ. 1387 ഹെക്ടർ സ്ഥലത്ത് കൃഷി നാശം സംഭവിച്ചതായും അന്തിമ കണക്കെടുപ്പിലുണ്ട്. മഴ കുറഞ്ഞതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
ഒരാഴ്ച തുടർച്ചയായി പെയ്ത മഴയെ തുടർന്ന് പത്തനംതിട്ടയിൽ 37.87 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അന്തിമ കണക്ക്. 1387 ഹെക്ടർ കൃഷി സ്ഥലത്ത് വിളനാശം ഉണ്ടായത് വഴി 36.64 കോടിയുടെ നഷ്ടമുണ്ടെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. 4 വീടുകൾ പൂർണമായും 329 വീടുകൾ ഭാഗീകമായും തകർന്നു. ഈ ഇനത്തിൽ 72.92 ലക്ഷത്തിന്റെ നഷ്ടമുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. കോഴഞ്ചേരി താലൂക്കിൽ മാത്രം 228 വീടുകൾക്ക് കേടുപാട് പറ്റി. 50 ലക്ഷത്തിന്റെ നഷ്ടമുണ്ടെന്ന് വൈദ്യുതി വകുപ്പും റിപ്പോർട്ട് നൽകി. മഴ കുറഞ്ഞതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 98 ൽ നിന്ന് 87 ആയി കുറച്ചു. എന്നാൽ ക്യാമ്പുകളിലെ അംഗ സംഖ്യയിൽ വർദ്ധനവ് ഉണ്ടായി. 2262 കുടുംബങ്ങളിലെ 8522 പേർ ക്യാമ്പുകളിലുണ്ട്. വെള്ളപ്പൊക്കം അതിരൂക്ഷമായിരുന്ന അപ്പർ കുട്ടനാട് ഉൾപ്പെടുന്ന തിരുവല്ല താലൂക്കിൽ 80 ക്യാമ്പുകളിലായി 7950 പേരുണ്ട്.
കുട്ടനാട്ടില്‍ ദുരിതത്തിന് അറുതിയായില്ല
ആലപ്പുഴയിലെ കുട്ടനാട്ടില്‍ ദുരിതത്തിന് അറുതിയായില്ല. വെള്ളക്കെട്ടിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുകയാണ് ഇവിടത്തുകാര്‍. ദുരിതാശ്വാസ ക്യാംപുകള്‍പോലും വെള്ളത്തിന് നടുവിലാണ്. അതേസമയം രണ്ടു ദിവസമായി ആലപ്പുഴ ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ട്.
Adjust Story Font
16