ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സമരത്തിലേക്ക്
പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ജോലി എടുക്കുന്നത് അടുത്ത മാസത്തോടെ അവസാനിപ്പിക്കും. അടുത്ത മാസം ഒന്നു മുതല്‍ റെയ്ഡുകളും നിര്‍ത്തിവെക്കും.
ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അടക്കമുള്ള പരിശോധനകള്‍ നിര്‍ത്തിവക്കാന്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടേയും തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. അടുത്ത മാസം ഒന്നു മുതല്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കും.
ആദായ നികുതി വകുപ്പിലെ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇനിയും തയ്യാറായിട്ടില്ല. പതിനഞ്ച് വര്‍ഷമായി ഒരേ തസ്തികയില്‍ ജോലി നോക്കുന്ന ആദായ നികുതി ഓഫീസര്‍മാരുടെ പ്രമോഷന്‍ നടപ്പാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ജോലി ഭാരം കാരണം ഉദ്യോഗസ്ഥര്‍ വലഞ്ഞതോടെയാണ് സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. സെമിനാര്‍ വര്‍ക് ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഇനി മുതല്‍ ബഹിഷ്കരിക്കും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ജോലി എടുക്കുന്നത് അടുത്ത മാസത്തോടെ അവസാനിപ്പിക്കും. അടുത്ത മാസം ഒന്നു മുതല്‍ റെയ്ഡുകളും നിര്‍ത്തിവെക്കും.
വേതന വര്‍ധനവിന്റെ കാര്യത്തിലും അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും അനുകൂല നിലപാട് സ്വീകരിക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. ആദായ നികുതി വകുപ്പില്‍ ഉപയോഗിക്കുന്ന ഐ.ടി.ബി.എ സോഫ്റ്റ് വെയര്‍ പരിഷ്കരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉദ്യോഗസ്ഥരും ജീവനക്കാരും മുന്നോട്ട് വെക്കുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് ഓഫീസര്‍ മാരുടേയും ജീവനക്കാരുടേയും സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16