കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണ പിള്ള- സ്‌കറിയ തോമസ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയന നീക്കം പാളി
പാര്‍ട്ടി സ്ഥാനങ്ങള്‍ പങ്ക് വെയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ലയനനീക്കം പാളിയതെന്നാണ് സൂചന. ലയന തീരുമാനം പ്രഖ്യാപിക്കാന്‍ രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി വെച്ചു.
കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണ പിള്ള- സ്‌കറിയ തോമസ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയന നീക്കം തുടക്കത്തിലേ പാളി. ലയന തീരുമാനം പ്രഖ്യാപിക്കാന്‍ രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി വെച്ചു. പാര്‍ട്ടി സ്ഥാനങ്ങള്‍ പങ്ക് വെയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ലയനനീക്കം പാളിയതെന്നാണ് സൂചന. അതിനിടെ കേരളകോണ്‍ഗ്രസ് ബിയെ മുന്നണിയുടെ ഭാഗമാക്കണെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള ഇടത് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനിച്ചു.
മുന്നണി വിപുലീകരിക്കാന്‍ സിപിഎം പച്ചക്കൊടി ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മറ്റെന്നാള്‍ ഇടത് മുന്നണി യോഗവും വിളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇടത് മുന്നണിയുടെ ഭാഗമായ സ്കറിയ തോമസ് വിഭാഗവുമായി ലയിക്കാന്‍ കേരള കോണ്‍ഗ്രസ് ബി തീരുമാനിച്ചത്. ഇക്കാര്യം ബാലകൃഷ്ണപിളളയും സ്കറിയ തോമസും ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ട് ഇന്നലെ അറിയിക്കുകയും ചെയ്തു. ലയനതീരുമാനം പ്രഖ്യാപിക്കാന്‍ ഇന്ന് രാവിലെ 10 മണിക്ക് വാര്‍ത്തസമ്മേളനം നടത്തുമെന്നായിരുന്നു നേതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ലയനവുമായി ബന്ധപ്പെട്ട് തനിക്ക് കൂറച്ച് കാര്യങ്ങള്‍ കൂടി ആലോചിക്കാനുണ്ടെന്ന് സ്കറിയ തോമസ് ഇന്ന് രാവിലെ ബാലകൃഷ്ണപിള്ളയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം മാറ്റിവെച്ചത്.
ഇരുപാര്‍ട്ടികളും ലയിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായതെന്നാണ് സൂചന. നിലവില്‍ ബാലകൃഷ്ണപിള്ള വഹിക്കുന്ന മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമോ,അല്ലെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനമോ തങ്ങള്‍ക്ക് നല്‍കണമെന്ന് സ്കറിയ തോമ്സ് നിലപാട് സ്വീകരിച്ചുവെന്നും ഇതേതുടര്‍ന്നാണ് ലയനനീക്കം പാളിയതെന്നുമാണ് സൂചന. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ ബാലകൃഷ്ണപിള്ള തയ്യാറായില്ല. ലയനനീക്കം പാളിയതോടെ കേരളകോണ്‍ഗ്രസ് ബിയെ മുന്നണിയുടെ ഭാഗമാക്കണെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള മുന്നണി നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനിച്ചു. മുന്നണി കണ്‍വീനര്‍, സിപിഎം സിപിഐ സെക്രട്ടറിമാര്‍ എന്നിവര്‍ക്കായിരിക്കും കത്ത് നല്‍കുക. മറ്റന്നാള്‍ ചേരുന്ന മുന്നണി യോഗം ഈ കത്ത് പരിഗണിക്കും.
Adjust Story Font
16