Quantcast

ശ്രീചിത്രയിലെ സംവരണ അട്ടിമറി: കേന്ദ്ര പട്ടികജാതി - പട്ടികവര്‍ഗ കമ്മിഷന്‍ ഇടപെടുന്നു

സംവരണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും 20 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ അറിയിക്കണമെന്നും കേന്ദ്ര കമ്മിഷന്‍ ഉത്തരവിട്ടു.

MediaOne Logo

Web Desk

  • Published:

    24 July 2018 1:55 AM GMT

ശ്രീചിത്രയിലെ സംവരണ അട്ടിമറി: കേന്ദ്ര പട്ടികജാതി - പട്ടികവര്‍ഗ കമ്മിഷന്‍ ഇടപെടുന്നു
X

ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംവരണ അട്ടിമറിയില്‍ കേന്ദ്ര പട്ടികജാതി - പട്ടികവര്‍ഗ കമ്മിഷന്‍ ഇടപെടുന്നു. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും 20 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ അറിയിക്കണമെന്നും കേന്ദ്ര കമ്മിഷന്‍ ഉത്തരവിട്ടു. മീഡിയവണ്‍ ആണ് ശ്രീചിത്രയിലെ സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്നത്.

36 തസ്തികകളിലേക്കായി 38 ഒഴിവുകളിലേക്കാണ് ശ്രീചിത്രയില്‍ ഏപ്രില്‍ രണ്ടിന് വിജ്ഞാപനം ഇറക്കിയത്. ഇതില്‍ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ തസ്തികയിലെ ഒരു ഒഴിവില്‍ മാത്രം ഒബിസി സംവരണം നല്‍കുകയും ബാക്കിയുള്ളവ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മീഡിയവണ്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന പട്ടികജാതി കമ്മിഷന്‍ കേസെടുക്കുകയും സംവരണം പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കേന്ദ്ര മാനദണ്ഡങ്ങളാണ് തങ്ങള്‍ക്ക് ബാധകമെന്ന് വാദിച്ച് ശ്രീചിത്ര അധികൃതര്‍ ഈ ഉത്തരവ് നടപ്പാക്കിയില്ല. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര കമ്മിഷനെ സമീപിച്ചാണ് പുതിയ ഉത്തരവ് നേടിയെടുത്തത്.

ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര പട്ടികജാതി കമ്മിഷന്‍ വ്യക്തമാക്കുന്നു. തിരുത്തല്‍ നടപടി സ്വീകരിച്ച് 20 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിടുന്നു. ശ്രീചിത്രക്കെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്.

TAGS :

Next Story