വര്‍ക്കലയിലെ അനധികൃത റിസോര്‍ട്ട് അടിച്ചുതകര്‍ത്തു
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് റിസോര്‍ട്ട് തകര്‍ത്തത്. റിസോര്‍ട്ടിന്റെ അനധികൃത നിര്‍മാണം മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
തിരുവനന്തപുരം വര്‍ക്കലയില്‍ അനധികൃത നിര്‍മാണം നടത്തിയ ബ്ലാക്ക് ബീച്ച് റിസോര്‍ട്ട് പൊലീസ് താത്‍കാലികമായി അടച്ചുപൂട്ടി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തതിന് പിന്നാലെയാണ് പൊലീസ് നടപടി. മീഡിയവണാണ് റിസോര്‍ട്ടിന്‍റെ അനധികൃത നിര്‍മാണം പുറത്തുകൊണ്ടുവന്നത്.
സി.പി.എം ഭരിക്കുന്ന നഗരസഭയുടെ മൌനാനുവാദത്തോടെ നടക്കുന്ന അനധികൃത നിര്‍മാണം വിവാദമായതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. റിസോര്‍ട്ടിലേക്ക് പ്രകടനമായെത്തിയ മുപ്പതോളം പ്രവര്‍ത്തകര്‍ അനധികൃത നിര്‍മാണം അടിച്ചു തകര്‍ത്തു. നിര്‍മാണസാമഗ്രികളും റിസോര്‍ട്ടിലെ സാധനങ്ങളും പ്രവര്‍ത്തകര്‍ കടലിലെറിഞ്ഞു.
വിവരമറിഞ്ഞെത്തിയ പൊലീസ് ഡി.വൈ.എഫ്.ഐക്കാരെ പുറത്തെത്തിച്ച് റിസോര്‍ട്ട് താത്കാലികമായി അടച്ചുപൂട്ടി. ഈ മാസം 19നാണ് ബ്ലാക്ക് ബീച്ചിന്റെ അനധികൃത നിര്‍മാണം മീഡിയവണ്‍ പുറത്തുവിട്ടത്. സ്ഥലം എം.എല്‍.എ വി ജോയ് ഇടപെട്ടിട്ടും നിര്‍മാണം തടയാനായില്ല. റിസോര്‍ട്ടിന് അനുകൂലമായ ഔദ്യോഗിക രേഖ നഗരസഭ തിരുത്തിയത് കൌണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷത്തിനിടയാക്കി. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. കൌണ്‍സിലര്‍മാരെ ആക്രമിച്ചെന്നാരോപിച്ച് ഇരുപക്ഷവും നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
Adjust Story Font
16