വയോധിക ഭക്ഷണവും പരിചരണവും ലഭിക്കാതെ മരിച്ചു
ആലപ്പുഴ എടത്വാ പഞ്ചായത്തിലെ പണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മയാണ് മരിച്ചത്. രണ്ടു വര്‍ഷമായി കിടപ്പിലായിരുന്നു.
ദരിദ്രകുടുംബത്തിലെ വൃദ്ധ ഭക്ഷണവും പരിചരണവും ലഭിക്കാതെ മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍. ആലപ്പുഴ എടത്വാ പഞ്ചായത്തിലെ പണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മയാണ് മരിച്ചത്. രണ്ടു വര്‍ഷമായി കിടപ്പിലായിരുന്നു. എന്നാല്‍ സരോജനിയമ്മക്ക് എല്ലാ പരിചരണവും നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നും ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും എടത്വാ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
വീട്ടിനുള്ളില്‍ മരിച്ച സരോജിനിയമ്മയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിലാണ് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായിരുന്ന ഭര്‍ത്താവ് ഗോപി രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഏക മകന്‍ ശിവന്‍ പ്രമേഹ ബാധയെ തുടര്‍ന്ന് ആദ്യം കാല്‍ മുറിച്ചു മാറ്റുകയും പിന്നീട് മരിക്കുകയും ചെയ്തു. സരോജിനിയമ്മയുടെ കൂടെ താമസിക്കുന്ന മകള്‍ കോമളം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. മറ്റൊരു മകളായ പ്രസീതയെ കോഴഞ്ചേരിയിലേക്ക് വിവാഹം ചെയ്തയച്ചുവെങ്കിലും ഇവരുടെ ഭര്‍ത്താവ് മരിച്ചു. പ്രസീതയും പ്രദേശവാസികളും എത്തിച്ചു നല്‍കുന്ന ഭക്ഷണം കഴിച്ചാണ് സരോജിനിയമ്മയും കോമളവും കഴിഞ്ഞിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോമളത്തിന്റെ ചികിത്സയും മുടങ്ങിയിരുന്നു. വെള്ളപ്പൊക്കത്തില്‍ വീട് വെള്ളക്കെട്ടിലകപ്പെട്ടതോടെ ഭക്ഷണമെത്തിക്കാന്‍ പ്രയാസമായിരുന്നു. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സരോജിനിയമ്മയ്ക്ക് സാമ്പത്തിക സഹായമൊഴികെ എല്ലാ സഹായവും പരിചരണവും നല്‍കിയിട്ടുണ്ടെന്ന് വാര്‍ഡ് പ്രതിനിധി ശ്യാമളരാജന്‍ മീഡിയവണിനോട് പറഞ്ഞു.
വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ മൃതദേഹം സംസ്‌കാരിക്കാന്‍ കഴിയാതെ എടത്വാ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. വീട്ടുവളപ്പില്‍ ഇഷ്ടിക അടുക്കി വെച്ച് മൃതദേഹം സംസ്‌കരിക്കാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16