Quantcast

ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

അവധിയില്‍ പോയ ഉദ്യോഗസ്ഥരോട് തിരിച്ചെത്താന്‍ നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    1 Aug 2018 3:09 AM GMT

ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
X

അതിജാഗ്രത നിര്‍ദേശം നിലനില്ക്കുന്ന ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. ജലവിതാനം 2397 അടിയിലേക്ക് ഉയരുകയാണെങ്കില്‍ അണക്കെട്ട് തുറക്കുന്ന പ്രാഥമിക നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.

ജലനിരപ്പ് 2395 അടിയിലേക്ക് എത്തിയപ്പോഴാണ് അതിജാഗ്രത നിര്‍ദേശമായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതിന് ശേഷവും ജലനിരപ്പ് ക്രമമായി വര്‍ധികയാണ്. വൈദ്യൂതോദ്പാദനത്തിനായി‌ കൊണ്ടുപോയതിന് ശേഷമുള്ള അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് ആശങ്ക ഉളവാക്കുന്നില്ല. എന്നാല്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്താല്‍ അണക്കെട്ട് തുറന്നേക്കും. 2397 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തിയേക്കും. അണക്കെട്ടിന് ഏറ്റവും അടുത്ത പ്രദേശമായ ചെറുതോണിയിലും സമീപ സ്ഥലങ്ങളിലും വെളളം ഒഴുകി പോകാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി കൊണ്ടിരിക്കുകയാണ്. അണക്കെട്ട് നിറയുന്നത് സംബന്ധിച്ച് നിരീക്ഷണങ്ങള്‍ക്കും ദുരന്ത നിവാരണത്തിനും പൂ‍ര്‍ണസജ്ജരായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ അണക്കട്ടിന്റെ ഷട്ടര്‍ തുറക്കുന്ന കാര്യത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടാകും.

പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി എറണാകുളം ജില്ലാ ഭരണകൂടം

പെരിയാറിന്റെ കരകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി എറണാകുളം ജില്ല ഭരണകൂടം. അവധിയില്‍ പോയ ഉദ്യോഗസ്ഥരോട് ഉടന്‍ തിരിച്ചെത്താന്‍ ഫയര്‍ഫേഴ്സ് അധികൃതര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. റവന്യു വകുപ്പും, ദുരന്ത നിവാരണ അതോറിറ്റിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഫയര്‍ഫോഴ്സ് സ്കൂബ വാനുകളും, ലൈഫ് ജാക്കറ്റുകളും മുങ്ങല്‍ വിദഗ്ദരും ഒക്കെയായി ദുരന്തത്തെ നേരിടാന്‍ സജ്ജമായി കഴിഞ്ഞു.ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കുകയാണ്. ഇടുക്കി ഡാം തുറന്നാല്‍ വരുന്ന വെള്ളത്തിന്റെ കുത്തൊഴുക്കിനെ കുറിച്ച് വരെ അവര്‍ ജാഗരൂഗരാണ്. ജനപ്രതിനിധികളും ജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഒപ്പമുണ്ട്.

പക്ഷെ പെരിയാറിന്‍റെ കരകളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക ഇപ്പോവും തുടരുകയാണ്. ജാഗ്രത നിര്‍ദേശമുണ്ടെങ്കിലും പെരിയാറിന്‍റെ കരകളിലുള്ളവര്‍ക്ക് ഒഴിഞ്ഞ്പോകാനുള്ള നിര്‍ദേശമൊന്നും ജില്ല ഭരണകൂടം നല്‍കിയിട്ടില്ല.ആവശ്യമെങ്കില്‍ മാത്രം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് അവരുടെ നിലപാട്. അടിയന്തര സാഹചര്യമുണ്ടായാല്‍ വ്യോമ സേനയും, നാവികസേനയും തയ്യാറാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ ദുരന്തമുണ്ടായാല്‍ അതിജീവിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതേസമയം ഇന്നലെ പെയ്തു തുടങ്ങിയ കനത്ത മഴയില്‍ പെരിയാറിലെ ജലനിരപ്പ് കൂടിയിട്ടുണ്ട്.

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

കനത്ത മഴയിൽ ജലനിരപ്പ് കൂടിയതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 11 നും 12 മണിക്കുമിടയിൽ ഷട്ടറുകൾ തുറക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 114.78 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.115.06 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഡാമിന്റെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിർദേശം നൽകി. മൂന്ന് വർഷം മുമ്പാണ് ഒടുവിൽ ഡാം തുറന്നു വിട്ടത്.

TAGS :

Next Story