കീഴാറ്റൂരില്‍ ബദല്‍ പാതക്കായി പഠനം നടത്തുമെന്ന് കേന്ദ്രം; കേരളത്തിലെ വികസനം തടയാന്‍ ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി
ആര്‍.എസ്.എസ് സമ്മര്‍ദഫലമായാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനത്ത് എന്‍.എച്ച് വികസനത്തിന് പാരവെക്കാന്‍ മലയാളിയായ കേന്ദ്രമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു
കണ്ണൂര്‍ കീഴാറ്റൂരിലെ ബൈപാസ് പ്രശ്നത്തിലെ സാങ്കേതികവശം പഠിക്കാൻ വിദഗ്ദ്ധരടങ്ങുന്ന സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ വയൽകിളി സമര പ്രതിനിധികളും ബി.ജെ.പി നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വയൽകിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു.
കീഴാറ്റൂര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ഒഴിവാക്കിയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വയൽകിളി - തുരുത്തി സമരസമിതി പ്രതിനിധികൾ, കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കൾ എന്നിവരടങ്ങിയ സംഘം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് നിവേദനം നൽകിയത്.
അലൈൻമെൻറ് മാറ്റം, ബദൽ പാത, തളിപ്പറമ്പ് റോഡിന് മുകളിലൂടെ മേൽപ്പാലം തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ സാങ്കേതിക വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പ് നല്‍കിയതായി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.
തളിപ്പറമ്പ് റോഡിന് വീതി കുറവായതിനാല്‍ മേൽപ്പാലം സാധ്യമല്ലെന്ന് അറിയിച്ച കേന്ദ്രം, വിദഗ്ധ സംഘം തുരുത്തിയിലെയും വേളാപുരത്തെയും പ്രശ്നങ്ങളും പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വയൽകിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. എന്നാല്‍ വിദഗ്ധസംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം സമയപരിധി നിശ്ചയിച്ചിട്ടില്ല.
രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കേന്ദ്രം ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. ആര്‍.എസ്.എസിന്റെ പാരവെപ്പിന് കേരളത്തില്‍ നിന്നുള്ള മന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേന്ദ്ര - സംസ്ഥാന ബന്ധം തകര്‍ക്കുന്നതും വികസന വിരുദ്ധവുമായ നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കര്‍ഷകര്‍ക്ക് അനുകൂലമാണ് കേന്ദ്ര തീരുമാനമെങ്കില്‍ പിന്തുണക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എം. എം ഹസന്റെ പ്രതികരണം.
Adjust Story Font
16