മണിക് റോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു
കൊല്ലത്ത് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് ധനസഹായം വിതരണം ചെയ്തത്
അഞ്ചലിൽ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന ബംഗാള്‍ സ്വദേശി മണിക് റോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു. കൊല്ലത്ത് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് ധനസഹായം വിതരണം ചെയ്തത്. മണിക് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലാണ്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മാണിക് റോയിയുടെ സഹോദരൻ സൂര്യയും ഭാര്യ നീലിമയും ചേര്‍ന്നാണ് ധനസഹായം ഏറ്റുവാങ്ങിയത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഭാഗമായിട്ടുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയിൽ നിന്നാണ് രണ്ട് ലക്ഷം രൂപ നല്‍കിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളെ നമ്മുടെ നാട്ടിലെ തൊഴിലാളികളായി കാണും. അതിൽ വേർതിരിവ് ഉണ്ടാകില്ല. അപകടത്തിൽപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ചികിത്സാ സഹായമായി പതിനയ്യായിരം രൂപ ആവാസ് പദ്ധതി പ്രകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. മണിക് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും അറസ്റ്റിലായിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണ്.
Adjust Story Font
16