സോളാർ കേസ്: ഗണേഷും സരിതയും ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി
ഗണേഷ് കുമാറിന് മന്ത്രിസഭയിലേക്ക് തിരിച്ച് വരാൻ കഴിയാത്തതിൽ വിരോധമുണ്ടായിരുന്നു
സോളാർ അഴിമതി കേസിൽ ഗണേഷ് കുമാർ എംഎല്‍എയും സരിത എസ് നായരും തനിക്കെതിരെ വ്യാജരേഖകള്‍ ഉണ്ടാക്കി ഗൂഢാലോചന നടത്തിയതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയില്‍ സാക്ഷി മൊഴി നല്‍കി. മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതിലുള്ള ഗണേഷ് കുമാറിന്റെ വിരോധമാണ് ഗൂഢാലോചനക്ക് കാരണം. സരിത ജയില്‍വെച്ച് എഴുതിയതായി പറയുന്ന കത്തില്‍ കൂടുതല്‍ പേജുകള്‍ എഴുതിചേര്‍ത്താണ് ഗൂഢാലോചന നടത്തിയതെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.
സോളാര്‍ അഴിമതി കേസില്‍ സരിത എസ് നായരും ഗണേഷ് കുമാർ എംഎൽഎയും വ്യാജ രേഖകൾ ചമച്ചതിന്റെ അടിസ്ഥാനത്തിലാണ് സോളാർ കമ്മീഷൻ ഉമ്മൻചാണ്ടിക്കെതിരെ തെറ്റായ പരാമർശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച് സുധീർ ജേക്കബാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയതായി ഉമ്മന്‍ചാണ്ടി ആരോപിച്ചത്.
തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഗണേഷ് കുമാറിന് രാജിവെച്ച ശേഷം പലകാരണങ്ങളാല്‍ മന്ത്രിസഭയിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞില്ല. ഇതിലുള്ള വിരോധമാണ് ഗണേഷ് കുമാര്‍ സരിത നായരുമായി ഗൂഢാലോചന നടത്താന്‍ കാരണം. സരിത പത്തനംതിട്ട ജില്ലാ ജയിലില്‍ വെച്ച് എഴുതിയതായി പറയുന്ന 21 പേജുള്ള കത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന 4 പേജുകള്‍ ഗൂഢാലോചനയുടെ ഭാഗമായി പിന്നീട് എഴുതിചേര്‍ത്തതാണെന്നും ഉമ്മന്‍ചാണ്ടി കോടതില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. കേസില്‍ ഫെനി ബാലകൃഷ്ണന്‍, പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥ കുറുപ്പ് എന്നിവരുടെ മൊഴിയും കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Adjust Story Font
16