കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: മരണം 25 ആയി
ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് അപകടത്തില്‍ മരിച്ചത്.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇന്ന് 25 പേര്‍ മരിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് അപകടത്തില്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനും കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ സൈന്യത്തിന്റെ സഹായം തേടി.
ഇടുക്കിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 13 പേരാണ് മരിച്ചത്. അടിമാലി സര്‍ക്കാര്‍ സ്കൂളിന് സമീപം എട്ടുമുറിക്ക് അടുത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മണ്ണിടിഞ്ഞു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മുജീബ്, ഷമീന, ഫാത്തിമ, ദിയ, നിയ എന്നിവരാണ് അടിമാലിയില്‍ മരിച്ചത്. മുരിക്കാശ്ശേരി രാജപുരത്ത് ഉരുള്‍പ്പൊട്ടി കരിക്കുളത്ത് മീനാക്ഷി മക്കളായ രാജന്‍ , ഉഷ എന്നിവരും കീരിത്തോട് പെരിയാര്‍വാലിയില്‍ കൂട്ടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരും മരിച്ചു. കൊരങ്ങാട്ടിയില്‍ ആദിവാസി കുടിയിലേക്ക് മണ്ണിടിഞ്ഞ് മോഹനനും ഭാര്യ ശോഭയും മരിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ കുരിശ്പൊത്തിയില്‍ ഉരുള്‍പ്പൊട്ടി ഒരാള്‍ മരിച്ചു.
മലപ്പുറം നിലമ്പൂരിനടുത്ത് ചാലിയാറിലെ ചെട്ടിയന്‍പാറയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് ഒലിച്ചുപോയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പറമ്പാടൻ സുബ്രമണ്യന്റെ ഭാര്യ ഗീത, അമ്മ കുഞ്ഞി മക്കളായ നവനീത്, നിവേദ് ,മിഥുൻ എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യനായി തെരച്ചില്‍ തുടരുകയാണ്. കൊടുമുണ്ട റെയില്‍വേ ഗേറ്റിന് സമീപം മീന്‍ പിടിക്കാനിറങ്ങിയ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി അബ്ദുസ്സലാം ആണ് മരിച്ചത്. വയനാട് വൈത്തിരിയിലും മക്കിമലയിലും ഉരുള്‍പ്പൊട്ടി മൂന്ന് പേര്‍ മരിച്ചു.
കോഴിക്കോട് മട്ടിക്കുന്നില്‍ ഉരുള്‍പ്പൊട്ടി മട്ടിക്കുന്ന സ്വദേശി രജിത്ത് മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.
Adjust Story Font
16