ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 40 ഡാമുകളില്‍ 25ഉം തുറന്നു
സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ തുറന്നുവിടുന്നത് ചരിത്രത്തിലാദ്യം. ആകെ 40 ഡാമുകളില്‍ 25 ഉം തുറന്നുകഴിഞ്ഞു. രണ്ട് ദിവസം കൂടി മഴ തുടര്‍ന്നാല്‍ സ്ഥിതി അതി സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. അനിതരസാധാരണമായ സ്ഥിതിവിശേഷമാണ് കേരളം അഭിമുഖീകരിക്കുന്നത്.
വൈദ്യുതോല്‍പാദനത്തിനും ജലസേചനത്തിനുമായി ആകെ 40 അണക്കെട്ടുകളാണ് കേരളത്തിലുള്ളത്. ഇതില്‍ ഉയര്‍ന്ന സംഭരണശേഷിയുള്ള പ്രധാന അണക്കെട്ടുകളിലൊന്നുപോലും തുറക്കാന്‍ ബാക്കിയില്ല. ഏറ്റവും സംഭരണ ശേഷിയുള്ള ഇടുക്കി 26 വര്‍ഷത്തിന് ശേഷമാണ് തുറന്നത്. ഇടുക്കിയില്‍ ലോവര്‍പെരിയാര്‍ ഉള്‍പ്പെടെ നാലെണ്ണം തുറന്നു. മാട്ടുപ്പെട്ടി ഡാം കൂടി തുറന്നാല്‍ മൂന്നാര്‍ ടൌണ്‍ വെള്ളത്തിലാവും. നാല് വര്‍ഷത്തിന് ശേഷമാണ് എറണാകുളത്തെ ഇടമലയാര്‍ ഡാം തുറന്നത്.
പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ ആനത്തോട് ഡാം തുറക്കുന്നത് അഞ്ചുവര്‍ഷത്തിന് ശേഷവും. തിരുവനന്തപുരത്ത് മൂന്ന്, കൊല്ലം ഒന്ന്,തൃശൂര്‍ 4, പാലക്കാട് 5, വയനാട് 2, കണ്ണൂരും കോഴിക്കോടും ഓരോ ഡാം വീതവും തുറന്നിരിക്കുന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ ഡാമുകളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ വെള്ളം തുറന്നുവിടേണ്ട നിലയിലാണ് ഡാമുകള്‍.
ഭൂഗര്‍ഭ ജലനിരപ്പും ഉയര്‍ന്നതിനാല്‍ വെള്ളം പെട്ടെന്ന് ഇറങ്ങുന്നില്ല. മഴ ശമിച്ച് താഴ്ന്ന ഭാഗത്തെ വെള്ളമിറങ്ങിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നാണ് റവന്യു വകുപ്പ് വിലയിരുത്തുന്നത്.
Adjust Story Font
16