Quantcast

കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് പ്രളയ ബാധിത മേഖലകളിലെത്തും

പുതിയ സാഹചര്യത്തില്‍ കേരളം കൂടുതല്‍ ധനസഹായം ആവശ്യപ്പെടും. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ചര്‍ച്ചക്ക് വന്നേക്കും.

MediaOne Logo
കേന്ദ്ര ആഭ്യന്തര മന്ത്രി  ഇന്ന് പ്രളയ ബാധിത മേഖലകളിലെത്തും
X

സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തില്‍. സന്ദര്‍ശന ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പുതിയ സാഹചര്യത്തില്‍ കേരളം കൂടുതല്‍ ധനസഹായം ആവശ്യപ്പെടും. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ചര്‍ച്ചക്ക് വന്നേക്കും.

ഇന്ന് ഉച്ചക്ക് 12.30 ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉച്ചയ്ക്ക് 1 മണി മുതല്‍ 2.30 വരെ ഹെലികോപ്റ്ററില്‍ ഇടുക്കി, എറണാകുളം മേഖലകളില്‍ സന്ദര്‍ശനം നടത്തും. ശേഷം പറവൂര്‍ താലൂക്കിലെ ചില ദുരിതാശ്വാസ കാമ്പുകള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ കേന്ദ്ര മന്ത്രിയെ അനുഗമിക്കും. സന്ദര്‍ശനത്തിന് ശേഷം കൊച്ചിയില്‍ രാജ്നാഥ് സിങ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, വൈദ്യുതി മന്ത്രി എം.എം. മണി, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. നേരത്തെ കുട്ടനാട്ടിലെയും കോട്ടയത്തെയും പ്രളയത്തോടനുബന്ധിച്ച് സംസ്ഥാനം കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നു. വര്‍ധിച്ച മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും ഡാം തുറന്നതുമൂലമുള്ള പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ പുതിയ നിവേദനം നല്‍കാനാണ് കേരളത്തിന്റെ തീരുമാനം. പുതുക്കിയ നിവേദനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക യോഗം ചേരുന്നുണ്ട്.

TAGS :

Next Story