കാഴ്ചയില്ലാത്ത മകനൊപ്പം മഴക്കെടുതിക്ക് മുന്‍പില്‍ പകച്ച് ബധിരരും മൂകരുമായ ഈ ദമ്പതികൾ
വെളളം കയറി തുടങ്ങിയപ്പോൾ സമീപത്ത് താമസിക്കുന്നവരെ ഒന്ന് ഉറക്കെ വിളിക്കാൻ പോലും കേൾക്കാനോ പറയാനോ കഴിയാത്ത ഈ ദമ്പതികൾക്ക് കഴിഞ്ഞില്ല.
കുത്തിയൊലിച്ചെത്തിയ ചെറുതോണി പുഴയിലെ വെള്ളം വീട്ടിൽ കയറിയതോടെ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ബധിരരും മൂകരുമായ ഈ ദമ്പതികൾ. ഇടുക്കി തടിയമ്പാട് ഷാജി - സുധർമ്മ ദമ്പതികളുടെ വീട്ടിലെ സാധനങ്ങൾ മിക്കതും പുഴ കവർന്നെടുത്തു. ജൻമനാ കാഴ്ച വൈകല്യമുള്ള മകനേയും ഏഴാം ക്ലാസുകാരിയായ മകളേയും കൂട്ടി ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണ് ഇവർ.
ഇടുക്കി ഡാം തുറന്ന് മണിക്കൂറുകൾക്കകം വെളളം ചെറുതോണി പുഴയിലൂടെ ഒഴുകി. പക്ഷെ ആ വെള്ളത്തിന്റെ ശക്തി ഇത്ര കണ്ട് രൗദ്രമാകുമെന്ന് ഷാജിയും സുധർമ്മയും കരുതിയില്ല. വെളളം കയറി തുടങ്ങിയപ്പോൾ സമീപത്ത് താമസിക്കുന്നവരെ ഒന്ന് ഉറക്കെ വിളിക്കാൻ പോലും കേൾക്കാനോ പറയാനോ കഴിയാത്ത ഈ ദമ്പതികൾക്ക് കഴിഞ്ഞില്ല. വീട്ടുപകരണങ്ങൾ മിക്കതും പുഴയെടുത്തു പോയി. ഉടുക്കാൻ വസ്ത്രങ്ങൾ പോലും ഇപ്പോഴില്ല.
തടിയമ്പാട് ചെറുതോണി പുഴയോരത്ത് അഞ്ച് സെന്റ് സ്ഥലത്താണ് കൂലിപ്പണിക്കാരനായ ഷാജിയുടേയും കുടുംബത്തിന്റേയും താമസം. മൂത്ത മകൾ പ്രിയങ്ക ഒഴികെ കുടുംബത്തിൽ എല്ലാവരും ഭിന്നശേഷിക്കാരാണ്. ഇളയ മകൻ നാല് വയസുകാരൻ അമ്പാടി കാഴ്ച വൈകല്യവുമായാണ് ജനിച്ചത്. വെള്ളമിറങ്ങി വീട്ടിൽ തിരിച്ചെത്തിയാൽ പോലും എങ്ങനെ ജീവിതം പിന്നെയും തുടങ്ങുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
Adjust Story Font
16