കുമ്പസാര രഹസ്യത്തിന്റെ മറവിൽ പീഡനം; രണ്ട് വൈദികര്‍ കീഴടങ്ങി
ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും നാലാം പ്രതി ജെയ്സ് കെ.ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിലുമാണ് കീഴടങ്ങിയത്.
കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിൽ രണ്ട് ഓർത്തഡോക്സ് സഭ വൈദികർ കൂടി കീഴടങ്ങി. ഒന്നാം പ്രതി എബ്രഹാം വർഗീസ്, നാലാം പ്രതി ജെയ്സ്.കെ .ജോർജ് എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസിലെ 4 പ്രതികളും കീഴടങ്ങി.
കേസിലെ ഒന്നാം പ്രതി എബ്രഹാം വർഗീസ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലും നാലാം പ്രതി ജെയ്സ്.കെ.ജോർജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് കീഴടങ്ങിയത്. എബ്രഹാം വർഗീസ് പതിനാറാം വയസു മുതൽ ബലാത്സംഗം ചെയ്തു എന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. കൗൺസിലിങ് വിവരങ്ങൾ ദുരുപയോഗം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് ജെയ്സ് കെ ജോർജ്ജിനെതിരായ പരാതി.
കേസിൽ മുൻകൂർ ജാമ്യം തേടി ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തളളിയ കോടതി ഇരുവരോടും പതിമൂന്നാം തീയതിക്കുള്ളിൽ കീഴടങ്ങാനും നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങൽ. ജെയ്സ് കെ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധന നടത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരു വൈദികരും ഇന്നുതന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു. കേസിൽ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോൺസൺ വി മാത്യു എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Adjust Story Font
16